ജില്ലാ ആശുപത്രിയില്‍നിന്ന് കോഴിക്കോട്ടേക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ആവശ്യമായ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന്
മാനന്തവാടി: ജില്ലാ ആശുപത്രയില്‍നിന്നു കോഴിക്കോടേക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ ആംബുലന്‍സ് ലഭ്യമാവാത്ത സാഹചര്യങ്ങളില്‍ സ്വകാര്യ ആംബുലന്‍സുകള്‍ ലഭ്യമാക്കാന്‍ നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലാ ആശുപത്രിയില്‍ നിലവില്‍ പുതിയവ ഉള്‍പ്പെടെ മൂന്ന് ആംബുലന്‍സുകളാണുള്ളത്.
ഇതിന് പുറമെ ട്രൈബല്‍ വകുപ്പിന്റെതായ രണ്ട് ആംബുലന്‍സുകളും അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ കൊണ്ടുപോകാനായി ഉപയോഗപ്പെടുത്താറുണ്ടെങ്കിലും ഇവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനാല്‍ പലപ്പോഴും ലഭ്യമാവാറില്ല. സര്‍ക്കാര്‍ ആംബുലന്‍സുകള്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് കോഴിക്കോടേക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ലഭ്യമാവാത്ത ഘട്ടത്തിലാണ് സ്വകാര്യ ആംബുലന്‍സുകളെ രോഗികള്‍ ആശ്രയിക്കേണ്ടി വരുന്നത്. ട്രൈബല്‍ വകുപ്പ് ആംബുലന്‍സുകള്‍ക്ക് കിലോമീറ്ററിന് ഒന്‍പത് രൂപ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളെ എത്തിക്കുന്നതിനായി നല്‍കുന്നത് 1890 രൂപയാണ്.
എന്നാല്‍ സ്വകാര്യ ആംബുലന്‍സുകള്‍ പലപ്പോഴും ഈ വാടകക്ക് പോകാന്‍ തയ്യാറാവാറില്ല. ഇതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ തലത്തില്‍തന്നെ നടപടിയെടുത്ത് ഇത്തരം ഘട്ടങ്ങളില്‍ സ്വകാര്യ ആംബുലന്‍സുകള്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.
ഓഗസ്റ്റ് 27ന് പിണങ്ങോട് വാഴവറ്റ കോളനിയിലെ അമ്മിണി(40)എന്ന സ്ത്രീ ആംബുലന്‍സ് ലഭിക്കാതെ മരണപ്പെട്ടിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും ഉച്ചക്ക് 2.30ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത സ്ത്രീക്ക് വൈകുന്നേരം അഞ്ച് മണിയായിട്ടും ആംബുലന്‍സ് ലഭിച്ചില്ലെന്നും ആരോപണമുണ്ട്. സ്വകാര്യ ആംബുലന്‍സ് വിളിച്ചെങ്കിലും വാടക കൊടുക്കാന്‍ കഴിയില്ലെന്ന് ആര്‍.എം.ഒ അറിയിച്ചതിനെ തുടര്‍ന്ന് തിരിച്ചയക്കുകയാണത്രെ ഉണ്ടായത്.
പിന്നീട് പാലിയേറ്റീവിന് കീഴിലുള്ള ആംബുലന്‍സിന്റെ ഡ്രൈവറെ തിരുനെല്ലിയില്‍ നിന്നും വിളിച്ചുവരുത്തി പോകാനൊരുമ്പോഴേക്കും രോഗി മരണപ്പെട്ടിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദിവാസി വികസന പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നിട്ടംമാനി കുഞ്ഞിരാമന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."