മാനന്തവാടി എക്‌സൈസ് സര്‍ക്കിളിന്റെ ചുമതല ജനമൈത്രി സി.ഐക്ക് പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം
മാനന്തവാടി: എക്‌സൈസ് സര്‍ക്കിളില്‍ സി.ഐ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം താളംതെറ്റിയ മാനന്തവാടി സര്‍ക്കിളില്‍ താല്‍ക്കാലിക ആശ്വാസമായി ജനമൈത്രി സി.ഐക്ക് താല്‍ക്കാലിക ചുമതല. ഓണം അടുത്തെത്തിയിട്ടും നാഥനില്ലാതെ താളം തെറ്റിയ മാനന്തവാടി എക്‌സൈസ് സര്‍ക്കിളിനെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് നടപടി.
നിലവിലുണ്ടായിരുന്ന സി.ഐ സ്ഥലം മാറിപ്പോയതിന് ശേഷം പകരം നിയമനം നടക്കാത്തതാണ് ഇവിടുത്തെ പ്രതിസന്ധിക്ക് കാരണമായത്. സി.ഐ ഇല്ലാത്തത് ജീവനക്കാരെയും ദുരിതത്തിലക്കിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് സംസ്ഥാനത്തെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. മാനന്തവാടി സി.ഐ ആയിരുന്ന വൈ ഷിബു പത്താം തിയതി റിലീവ് ചെയ്ത് തിരുവനന്തപുരം സ്‌ക്വാഡില്‍ ചുമതലയേറ്റു.
എന്നാല്‍ പകരമായി കൊല്ലത്ത് നിന്നും നിയമിച്ച ആര്‍ ബാബു മാനന്തവാടിയിലേക്ക് വന്നില്ല. ഇയാള്‍ ഉത്തരവിന് സ്‌റ്റേ വാങ്ങിക്കുകയായിരുന്നു. സി.ഐ ഇല്ലാത്തത് ഓണക്കാലത്തെ പരിശോധനയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിരുന്നു.
തോല്‍പ്പെട്ടി, ബാവലി ചെക്ക് പോസ്റ്ററുകള്‍, മാനന്തവാടി റെയ്ഞ്ചും ഈ സര്‍ക്കിളിന്റെ കീഴിലാണ് വരുന്നത്. അതിര്‍ത്തി പ്രദേശം കൂടിയായ മാനന്തവാടിയിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി മയക്കമരുന്ന്, വ്യാജമദ്യം, അനധികൃത മദ്യവില്‍പ്പന, കഞ്ചാവ് കടത്ത് എന്നിങ്ങനനെയായി നിരവധി കേസുകളാണ് ഒരോ മാസവും രജിസ്റ്റര്‍ ചെയ്തിരുന്നത്.
എന്നാല്‍ സി.ഐ ഇല്ലാത്തതിനാല്‍ കേസുകള്‍ പിടികൂടാനോ, ചാര്‍ജ് ചെയ്യാനോ കഴിയാത്ത സാഹചര്യമായിരുന്നു.
കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും, വിദേശമദ്യ വില്‍പ്പന ശാലകളിലെയും, ബീര്‍, വൈന്‍, പാര്‍ലറുകളിലെ പരിശോധന എന്നിവക്കെല്ലാം റെയിഞ്ച് ഇന്‍സ്‌പെക്ടറില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ വേണമെന്നാണ് നിയമം. അതിനാല്‍ തന്നെ കേസുകള്‍ പിടികൂടുന്നതിനോ, രജിസ്റ്റര്‍ ചെയ്യുന്നതിനോ കഴിഞ്ഞിരുന്നില്ല. ഓണക്കാലത്തെ അനധികൃത മദ്യവില്‍പ്പന ഉള്‍പ്പെടെയുള്ളവ തടയുന്നതിനായി സംസ്ഥാനത്താകെ എക്‌സൈസ് വകുപ്പ് പ്രത്യേക പരിശോധന കര്‍ശനമാക്കുകയും, വ്യാജമദ്യ കടത്ത് തടയാന്‍ കര്‍ണാടക-കേരള എക്‌സൈസ് വകുപ്പ് കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമ്പോഴും മാനന്തവാടിയില്‍ പ്രവര്‍ത്തനം എങ്ങുമെത്താത്ത സ്ഥിതിയിലായിരുന്നു.
കൂടാതെ ചെക്ക് പോസ്റ്റുകളിലെയും, സര്‍ക്കിള്‍ ഓഫിസിലെയും 20ഓളം ജീവനക്കാര്‍ക്ക് ഓണത്തിന് ശമ്പളം ലഭിക്കാത്ത സാഹചര്യവും നിലനിന്നിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ് ജനമൈത്രി സി.ഐക്ക് ചുമതല നല്‍കിയതിലൂടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."