ചരിത്രമെഴുതിയ പ്രതിഭകള്‍
ചരിത്രം ഭാവി പ്രയാണത്തിനു സ്പന്ദന രേഖയാണ്. ഉല്‍കൃഷ്ടരുടെ ചരിത്രം ജീവിക്കാനറിയാത്തവര്‍ക്കു വഴിവെളിച്ചവും ഊന്നുവടിയുമാണെന്നതില്‍ പക്ഷാന്തരമില്ല. ദൈവിക ഗ്രന്ഥങ്ങളൊക്കെയും പൂര്‍വികരുടെ ചരിത്രങ്ങള്‍ അയവിറക്കിയിട്ടുണ്ട്. ഉല്‍കൃഷ്ടരില്‍ നിന്നു പാഠമുള്‍ക്കൊള്ളാനും നികൃഷ്ടരില്‍ നിന്നകലാനുമാണിത്. അടുത്തകാലത്ത് മണ്‍മറഞ്ഞ മഹാന്മാരുടെ ജീവിതങ്ങള്‍ സുഗ്രാഹ്യമായ ഭാഷയില്‍ അവതരിപ്പിക്കുന്ന കൃതിയാണ് 'മണ്‍മറഞ്ഞ മനീഷികള്‍'. പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമിയാണു രചയിതാവ്. 400 രൂപ വിലയും 556 പേജുമുള്ള ഈ ഗ്രന്ഥം 13 അധ്യായങ്ങളായാണു ക്രമീകരിച്ചിരിക്കുന്നത്. അധ്യായം ഒന്നില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മുതല്‍ സയ്യിദ് അബ്ദുഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അസ്ഹരി വരെയുള്ള 16 സയ്യിദുമാരുടെ ജീവചരിത്രമാണു ചുരുക്കി വിവരിക്കുന്നത്.
അധ്യായം രണ്ടില്‍ എട്ടു സൂഫിപണ്ഡിതരെയും മൂന്നില്‍ ഗ്രന്ഥകാരന്റെ ഗുരുമുഖങ്ങളെയും പരിചയപ്പെടുത്തുന്നു. നാലാം അധ്യായം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പണ്ഡിതന്മാരെയും അഞ്ച്, ആറ്, ഏഴ് അധ്യായങ്ങള്‍ പ്രതിഭാധനര്‍, കുടുംബകത്തെ പണ്ഡിതപ്രതിഭകള്‍, പണ്ഡിത സുഹൃത്തുക്കള്‍ എന്നീ തലക്കെട്ടുകളില്‍ 40 പണ്ഡിതന്മാരുടെ ചരിത്രം വരച്ചുകാട്ടുന്നു. മതത്തിനു താങ്ങായ മതപ്രഭാഷകരെയും രചയിതാക്കളെയും വിവരിക്കുന്നത് എട്ട് , ഒന്‍പത് അധ്യായങ്ങളിലാണ് . 10, 11, 12, 13 അധ്യായങ്ങള്‍ സൗഹൃദ ചെപ്പുകള്‍, ജീവിതം സേവനമാക്കി മാതൃകയായവര്‍, ഇന്ത്യന്‍ പണ്ഡിതര്‍, ആഗോള പണ്ഡിത പ്രതിഭകള്‍ എന്നീ തലക്കെട്ടുകളില്‍ 28 പണ്ഡിതരെ വിവരിക്കുന്നു. ജീവിതത്തിനു തണല്‍ വിരിച്ച മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഗ്രന്ഥത്തിന്റെ സമര്‍പ്പണം നേരുന്നു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അവതാരിക എഴുതിയ ഗ്രന്ഥത്തിന്റെ പ്രാര്‍ഥനാ ലിഖിതം കുറിച്ചത് അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരും പുസ്തകത്തിന്റെ പരിചയക്കുറിപ്പെഴുതിയത് അബ്ദുസ്സമദ് പൂക്കോട്ടൂരും ആദൃശ്ശേരി ഹംസ കുട്ടി ബാഖവിയുമാണ്. ഗ്രന്ഥകാരനുമായുള്ള ബന്ധങ്ങളാണു വ്യക്തികളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ അവലംബമാക്കിട്ടുള്ളത്. പഠിതാക്കള്‍ക്കും ചരിത്രാന്വേഷകര്‍ക്കും കൈരേഖയായ ഗ്രന്ഥമാണിത്. ധാരാളം സ്മരണികകളും ചരിത്ര പുസ്തകങ്ങളും പരതുന്നതിനേക്കാള്‍ എളുപ്പത്തില്‍ വായനക്കാരനു വിഭവങ്ങള്‍ സമാഹരിക്കാന്‍ ഈ ഗ്രന്ഥം സഹായകമാകും. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമിയുടെ 32-ാമത്തെ കൃതിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."