ഡബിള്‍വല ഉപയോഗിച്ച് മത്സ്യബന്ധനം: മത്സ്യസമ്പത്തിന് മരണമണി
തിരൂരങ്ങാടി:പ്രത്യേകയിനം വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം മത്സ്യ സമ്പത്ത് നശിപ്പിക്കുന്നു. മംഗലാപുരം, കോഴിക്കോട് പുതിയാപ്പ, ബേപ്പൂര്‍, പൊന്നാനി, കൊച്ചി ഭാഗങ്ങളിലാണ് പുറംകടലില്‍ അശാസ്ത്രീയ മത്സ്യബന്ധനം വ്യാപകമാകുന്നത്. മത്സ്യപ്രജനത്തിനു പിന്നാലെയായതിനാല്‍ മത്സ്യങ്ങളുടെ വംശനാശത്തിന് തന്നെ ഇതു കാരണമാകുന്നുണ്ട്. ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തുന്നവരാണ് ഡബിള്‍നെറ്റ് ഉപയോഗിക്കുന്നത്.
രണ്ടുബോട്ടുകള്‍ ഇരുഭാഗങ്ങളില്‍ നിന്നായി വല ഉപയോഗിച്ച് കോരിയെടുക്കുന്ന രീതിയാണിത്. പ്രതിദിനം മുപ്പത് ലക്ഷത്തോളം രൂപയുടെ മത്സ്യം പിടിച്ചുകയറ്റുന്നതായി തൊഴിലാളികള്‍ പറയുന്നു. ആവശ്യമുള്ളത് എടുത്ത് പ്രാണന്‍നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ കടലില്‍ തള്ളുകയാണ് പതിവത്രെ.
നിയമവിധേയമല്ലാത്തതിനാല്‍ ഡബിള്‍നെറ്റ് വിപണിയില്‍ ലഭിക്കാറില്ല. പ്രത്യേകം പരിശീലനം ലഭിച്ചവരെക്കൊണ്ട് വല നെയ്‌തെടുക്കുകയാണ് ചെയ്യുന്നത്.
പ്ലാസ്റ്റിക് വയറില്‍ നിര്‍മിക്കുന്ന വല പൂര്‍ത്തിയാകുമ്പോള്‍ ലക്ഷങ്ങള്‍ ചെലവ് വരും. ആറോളംപേരടങ്ങുന്നസംഘം കേരള തീരദേശങ്ങളിലെത്തി രണ്ടുദിവസം കൊണ്ടാണ് ഒരു വല പൂര്‍ത്തിയാക്കുന്നത്. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യപ്രജനസമയമായ മെയ്, ജൂണ്‍ മാസങ്ങളില്‍ സര്‍ക്കാര്‍ ട്രോളിങ് നിരോധിക്കാറാണ് പതിവ്.
നിരോധനം അവസാനിക്കുന്ന മുറയ്ക്ക് തന്നെ ഡബിള്‍നെറ്റ് ഉപയോഗിക്കുന്നത് മത്സ്യക്കുഞ്ഞുങ്ങളുടെ നിലനില്‍പ്പിനെയാണ് സാരമായി ബാധിക്കുന്നത്. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നവര്‍ രാത്രികാലങ്ങളില്‍ ചെറിയകണ്ണി വലയുമായി കടലില്‍ ഇറങ്ങാറില്ല. എന്നാല്‍ രാത്രിസമയങ്ങളിലാണ് മിക്ക ഡബിള്‍വലക്കാരും ജോലിക്കിറങ്ങുന്നത്. മത്സ്യസമ്പത്തിന് ഭീഷണിയായ മത്സ്യബന്ധനം സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷംവരെ ലക്ഷങ്ങളാണ് പിഴ ചുമത്തിയത്. ഇത്തവണ അധികൃതര്‍ ഗൗരവമായെടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."