നടന്‍ ശ്രീജിത്തിനുവേണ്ടി പ്രോസിക്യൂഷന്‍ ഒത്തുകളിച്ചു
പാലക്കാട് : പത്തിരിപ്പാലയിലെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കുമുന്നില്‍ കാറിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തുവെന്ന കേസില്‍ പോക്‌സോ നിയമം ചുമത്തിയിട്ടും നടന്‍ ശ്രീജിത്തിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍ ഒത്തുകളിച്ചതുകൊണ്ടെന്ന് നിയമവിദഗ്ധര്‍.
ഒറ്റപ്പാലം പൊലിസിന്റെ നിലപാടുകളുടെ തുടര്‍ച്ചയാണ് ഗവ.പ്ലീഡറില്‍ നിന്നുണ്ടായതെന്നാണ് വിലയിരുത്തല്‍. ഫോട്ടോയെടുക്കാന്‍ ശ്രീജിത്ത് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാതിരിക്കുകയും ശ്രീജിത്തിന് ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെയും പരാതിക്കാരേയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യാനുള്ള സാഹചര്യമുണ്ടായിട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ ജാമ്യത്തെ എതിര്‍ത്തില്ലെന്നതാണ് പ്രോസിക്യൂഷന്‍ സംശയത്തിന്റെ നിഴലിലാകാന്‍ കാരണം.
ശ്രീജിത്തിന് ജാമ്യംലഭിച്ച ശേഷം ശ്രീജിത്തും അദ്ദേഹത്തിന്റെ വക്കീലും ഗവ.വക്കീലും കോടതിവളപ്പില്‍തന്നെയുള്ള കഫ്‌റ്റേരിയയില്‍ ഒരുമിച്ചു കൂടിയതും ആരോപണങ്ങള്‍ക്കിടയായിട്ടുണ്ട്. ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഫോണെന്ന നിലയില്‍ ശ്രീജിത്ത് പൊലിസിന് മുന്നില്‍ ഹാജരാക്കിയ ഫോണ്‍ മറ്റൊന്നാണെന്നും പരാതിക്കാരികളായ കുട്ടികള്‍ ഒറ്റപ്പാലം പൊലിസിനെ അറിയിച്ചിരുന്നു. എന്നാല്‍ പൊലിസ് ഇത് പരിഗണിച്ചിട്ടില്ല. തുടക്കംമുതല്‍ ശ്രീജിത്തിന്റെ ഏജന്റെന്ന നിലയില്‍ പ്രവര്‍ത്തിച്ച ഒറ്റപ്പാലം പൊലിസ് കേസ് ഇല്ലാതാക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളെല്ലാം നിയമവിരുദ്ധവും അധാര്‍മ്മികവുമാണെന്നു വ്യക്തമാകുകയാണ്.
ഇതിനിടയില്‍ കുട്ടികളുടെ കോടതിയുടെ ഫുള്‍ക്വാറം ഇന്നലെ പത്തിരിപ്പാലയിലെ സ്‌കൂളില്‍ ചേര്‍ന്ന് കുട്ടികളില്‍ നിന്നും, രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുത്തു. ശ്രീജിത്ത് നടത്തിയ കുറ്റം മറച്ചുവെക്കാനും കേസില്ലാതാക്കാനും ഒറ്റപ്പാലം പൊലിസ് ശ്രമിച്ചതായി വ്യക്തമായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികളുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. കുട്ടികളെ തെളിവെടുപ്പിനായി പൊലിസ് സ്റ്റേഷനിലെത്തിച്ചത് ഗുരുതരമായ വീഴ്ചയാണ്. അതിന്റെ തുടര്‍ച്ചയായി പൊലിസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതു അതിനേക്കാള്‍ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. പാലക്കാട് ജില്ലാ കലക്ടര്‍ മേരിക്കുട്ടി ഒറ്റപ്പാലം സബ് കലക്ടര്‍ നൂഹുവിനോട് ഈ വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിലും നടപടികളില്‍ ഒറ്റപ്പാലം പൊലിസിന് ഗുരുതരവീഴ്ചയുണ്ടായതായാണ് വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ പരാതിക്കാരികളായ മുഴുവന്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നടത്താന്‍ പൊലിസ്, ചൈല്‍ഡ്‌ലൈന്‍ എന്നിവരുടെ കൗണ്‍സിലര്‍മാര്‍ താമസിയാതെ സ്‌കൂളിലെത്തും.
#
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."