'നീതി ലഭിച്ചില്ല'; വിധി കേട്ട് കോടതി വളപ്പില്‍ പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ
കാസര്‍കോട്: മദ്രസ അധ്യാപകന് റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ട കോടതി വിധിയില്‍ പൊട്ടിക്കരഞ്ഞ് ഭാര്യ സൈദ. കുഞ്ഞിനൊപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ എത്തിയത്.
കോടതി വിധി ഞെട്ടിച്ചിരിക്കുകയാണെന്ന് റിയാസ് മൗലവിയുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ലഭിച്ചില്ല. അതുകൊണ്ടുതന്നെ വളരെ ദുഃഖമുണ്ടെന്ന് സഹോദരന് പറഞ്ഞു.
കോടതിയില്‍ പ്രതീക്ഷ ഉണ്ടായിരുന്നു, നീതി ലഭിച്ചില്ല. വിധി നിരാശാജനകവും വേദനാജനകവുെമന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. വിധി പ്രസ്താവം വായിച്ച ശേഷം അപ്പീല്‍ നല്‍കും.
കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, പെരിയടുക്ക നിധിന്, അഖില്‍ എന്നിവരെയാണ് വെറുതെ വിട്ടത്. കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവി 2017 മാര്‍ച്ച് 20നാണ് കൊല്ലപ്പെട്ടത്. മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ച് മൗലവിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കളിസ്ഥലത്തുണ്ടായ മര്‍ദനം കൊലയ്ക്കു കാരണമായെന്നായിരുന്നു കേസ്. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് കേസിലെ പ്രതികള്‍.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്ന് കോസ്റ്റല്‍ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2019ലാണ് വിചാരണ ആരംഭിച്ചത്.
കഴിഞ്ഞ 7 വര്‍ഷമായി പ്രതികള്‍ ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. 97 സാക്ഷികളെ വിസ്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."