ശംഖുമുഖത്ത് സുനാമി മോക്ഡ്രില്‍ ഈ മാസം എട്ടിന്
തിരുവനന്തപുരം: പാക്കിസ്ഥാന്‍ തീരത്തോടടുത്ത് കടലില്‍ 10 കി.മീ ആഴത്തില്‍ ഭൂകമ്പമാപിനിയില്‍ ഒന്‍പത് മൊമന്റ് മാഗ്നിറ്റിയൂഡ് തീവ്രതയുള്ള വന്‍ ഭൂകമ്പം ഉണ്ടായാല്‍ അതു കേരളത്തെ എങ്ങനെ ബാധിക്കും. സംസ്ഥാനത്തെ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങളും മറ്റു വകുപ്പുകളും ഇത്തരം ഒരു സാഹചര്യത്തെ എങ്ങനെ നേരിടും. ഇതു പരിശോധിക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഈ മാസം എട്ടിന് ശംഖുമുഖത്ത് മോക് ഡ്രില്‍ സംഘടിപ്പിക്കും.
ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ നിന്ന് സന്ദേശമെത്തുന്നതോടെയാണ് മോക് ഡ്രില്‍ ആരംഭിക്കുക. രാവിലെ 11.30ന് ഭൂകമ്പം ഉണ്ടായി എന്നും 4.00 മണിയോടെ ശംഖുമുഖം തീരത്ത് സുനാമി വീശി അടിക്കുമെന്നും സന്ദേശമെത്തുന്നതോടെ കലക്ടറേറ്റില്‍ അടിയന്തര യോഗം ചേരുകയും കണ്‍ട്രോള്‍ റൂം തുറക്കുകയും ചെയ്യും. സുനാമി സാധ്യത പറഞ്ഞ നാലിനു ഒരു മണിക്കൂറിനു മുന്‍പ് തന്നെ ആളുകളെ മുഴുവനായി ഒഴിപ്പിക്കുന്നതടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.
മോക് ഡ്രില്ലില്‍ പൊലിസ്, അഗ്നിശമനസേന, റവന്യൂ, തീരദേശസേന, മറ്റു സൈനിക വിഭാഗങ്ങള്‍, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തുടങ്ങിയ വിഭാഗങ്ങള്‍ പങ്കെടുക്കും. ജനങ്ങള്‍ പരിഭ്രാന്തരാവാതെ മോക് ഡ്രില്ലുമായി സഹകരിക്കണമെന്നും വകുപ്പുകള്‍ വീഴ്ചകൂടാതെ പങ്കെടുക്കണമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി അറിയിച്ചു. യോഗത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ രാജന്‍ സഹായ്, പൊലിസ് അസി. കമ്മിഷണര്‍ (കണ്‍ട്രോള്‍ റൂം) സുരേഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീല, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജീനീയര്‍ ബാലചന്ദ്രന്‍, ഡി.വൈ.എസ്.പി സുഗതന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."