സാമ്പത്തിക തട്ടിപ്പുകാര്‍ ഫറോക്കില്‍ താവളമാക്കുന്നു: പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി
ഫറോക്ക്: അമിതലാഭം വാഗ്ദാനം നല്‍കി സ്വര്‍ണവും പണവും കൈക്കലാക്കുന്ന തട്ടിപ്പുകാര്‍ക്ക് താവളമായി മാറുകയാണ് ഫറോക്ക്. സാമ്പത്തിക തട്ടിപ്പില്‍ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം മേഖലയില്‍ കൂടി വരുന്നു. തട്ടിപ്പുകാരുടെ മോഹനവാഗ്ദാനത്തില്‍പ്പെട്ടു വീടും സ്ഥലവും പണവും നഷ്ടപ്പെട്ട നിരവധി പേരാണ് മേഖലയിലുളളത്. സാമ്പത്തിക തട്ടിപ്പില്‍പെട്ടു ആത്മഹത്യ ചെയ്ത സംഭവം വരെയുണ്ടായിട്ടും ഇത്തരം വെട്ടിപ്പുകാര്‍ക്കെതിരേ നേരാവണ്ണമുളള പൊലിസ് അന്വേഷണം നടക്കുന്നില്ല.
അമിതലാഭം നല്‍കാമെന്നു പറഞ്ഞാണ് ജനങ്ങളില്‍ നിന്നു കോടികള്‍ വെട്ടിപ്പുകാര്‍ കൈക്കലാക്കുന്നത്. ഇത്തരം തട്ടിപ്പ് സംഭവത്തിലെ ഒരു പ്രതിയാണ് കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലായത്. ഫറോക്ക്, കരുവന്‍തിരുത്തി, പെരുമുഖം, രാമനാട്ടുകര എന്നീ പ്രദേശങ്ങളില്‍ നിന്നും മറ്റുമായി വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ച് കോടികളുടെ സ്വര്‍ണവും മറ്റും കൈക്കലാക്കിയ പെരുമുഖം സ്വദേശി ശംസുവാണ് കഴിഞ്ഞ ദിവസം പൊലിസ് പിടിയിലായത്. ബന്ധുക്കളില്‍ നിന്നുള്‍പ്പെടെ വന്‍തോതില്‍ സ്വര്‍ണം വാങ്ങി ബാങ്കില്‍ പണയംവച്ചു കാശ് വാങ്ങിയാണ് ഇയാള്‍ മുങ്ങിയത്. ആദ്യത്തില്‍ സ്വര്‍ണാഭരണം വാങ്ങി നിശ്ചിത തുക ലാഭവിഹിതമായി നല്‍കി കൂടുതല്‍ പേരെ മോഹിപ്പിച്ച് ചതിക്കുഴിയില്‍പ്പെടുത്തുകയായിരുന്നു. സമാന സംഭവങ്ങള്‍ ഫറോക്കില്‍ നിരവധിയാണ്.
2014 ഡിസംബറിലാണ് ഫറോക്ക് റെയില്‍വെ സ്‌റ്റേഷന്‍ സമീപത്തെ ബില്‍ഡിങ്ങ് പ്രവര്‍ത്തിച്ചിരുന്ന ലൈപ് ലൈന്‍ ബാങ്ക് ഓഫ് മലബാര്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. പലിശരഹിത വായ്പയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഈ സംഭവത്തില്‍ പ്രതിയായ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ജലാലുദ്ദീനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളുടെ തട്ടിപ്പിനിരയായി സ്വന്തം പുരയിടവും മറ്റു സ്വത്തുക്കളും നഷ്ടപ്പെട്ടു കുടുംബം വഴിയാധാരമായതിനെ തുടര്‍ന്നാണ് ഒരാള്‍ ആത്മഹത്യ ചെയ്തത്. പെരുമുഖം കളളിത്തൊടി കുറുമണ്ണില്‍ മുസ്തഫയാണ് ആത്മഹത്യചെയ്തത്. ഇതേത്തുടര്‍ന്നു നാട്ടുകാര്‍ ചേര്‍ന്നു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
നല്ലളം, രാമനാട്ടുകര,ഫറോക്ക്, ചെറുവണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായി നിരവധി പേരില്‍ നിന്നുമായി ലക്ഷങ്ങള്‍ വാങ്ങി നാട്ടില്‍ നിന്നും മുങ്ങിയ മറ്റൊരു യുവാവിനെക്കുറിച്ചും നാളിതുവരെ വിവരമില്ല. മത-സാമുദായിക സംഘടനയുടെ പ്രധാനി കൂടിയായ ഇയാളുടെ തട്ടിപ്പിനിരയായവര്‍ സ്വകാര്യ ഒത്തുതീര്‍പ്പില്‍ പണം തരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."