കുറ്റ്യാടിയില്‍ ഗതാഗതക്കുരുക്ക് മുറുകുന്നു; പൊറുതിമുട്ടി ജനം
കുറ്റ്യാടി: ടൗണില്‍ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുന്നു. ടൗണിലെ എല്ലാ റോഡുകളിലും വാഹനങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നതു പതിവ് കാഴ്ചയായിരിക്കുകയാണ്. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള പാര്‍ക്കിങ് ഒഴിവാക്കാന്‍ രണ്ടുമാസം മുന്‍പ് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും തീരുമാനം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല.
ടൗണിലെ മുഴുവന്‍ റോഡുകളിലും ഇരുഭാഗങ്ങളിലും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് വ്യാപകമാണ്. ഇതിനുപുറമെ കണ്ടയിനര്‍ ലോറികള്‍ നിര്‍ത്തി ചരക്ക് ഇറക്കുന്നതും ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നു. വടകര, പേരാമ്പ്ര, മരുതോങ്കര, തൊട്ടില്‍പാലം റോഡുകള്‍ ചേരുന്ന ടൗണ്‍ കവലയിലെ റോഡിന്റെ വീതിക്കുറവും ഗതാഗത തടസമുണ്ടാക്കുന്നു.
ടൗണിലെ ഗതാഗത കുരുക്കിനു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട ബൈപാസിന്റെ പ്രവര്‍ത്തനവും പുതിയ ബസ് സ്റ്റാന്‍ഡ് തുറക്കാനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ല. ഗവ. താലൂക്ക് ആശുപത്രി പരിസരത്ത് അശാസ്ത്രീയമായ രീതിയില്‍ സ്ഥാപിച്ച ഡിവൈഡര്‍ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നു. ബലിപെരുന്നാള്‍-ഓണം സീസണ്‍ ആയതോടെ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഗതാഗതക്കുരുക്ക് പതിവിലും രൂക്ഷമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."