വടകര ടൗണിലെ ഗതാഗത സ്തംഭനം; ബസുകള്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ കയറുന്നത് നിര്‍ത്താന്‍ നീക്കം
വടകര: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ബസുകള്‍ ടൗണ്‍വഴി വന്നു പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതു നിര്‍ത്തുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ക്കറ്റ് റോഡ് മുതല്‍ പഴയ സ്റ്റാന്‍ഡ് വരെയുള്ള റോഡിലെ വിവിധ തരത്തിലുള്ള തടസങ്ങള്‍ ബസ് സര്‍വിസിനെ പ്രതികൂലമായി ബാധിക്കുന്നതായി ഭാരാവാഹികള്‍ പറഞ്ഞു.
നിലവില്‍ ദിവസം ഒന്നോ രണ്ടോ ട്രിപ്പുകള്‍ മാത്രമാണ് സര്‍വിസ് നടത്താനാകുന്നത്. ഇതു യാത്രാക്ലേശത്തിനും ഉടമകള്‍ക്ക് ഏറെ സാമ്പത്തിക നഷ്ടത്തിനുമിടയാക്കുന്നതായി അവര്‍ പറഞ്ഞു. അനധികൃത പാര്‍ക്കിങ് ഒഴിവാക്കിയാല്‍ തന്നെ തടസം ഒഴിവാക്കാനാകും. പല തവണ മുനിസിപ്പല്‍ ചെയര്‍മാന്‍, പൊലിസ്, മോട്ടോര്‍ വാഹന വകുപ്പ് ഉള്‍പ്പെടെ ബന്ധപ്പെട്ടവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിനാലാണു പഴയ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതു നിര്‍ത്തിവയ്ക്കുന്നത്.
പേരാമ്പ്ര, കൊയിലാണ്ടി, കുറ്റ്യാടി, തീക്കുനി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നു വരുന്ന ബസുകള്‍ ദേശീയപാത വഴി പുതിയ സ്റ്റാന്‍ഡില്‍ പ്രവേശിക്കാനാണു തീരുമാനം. പെരുന്നാളും ഓണവും ഒന്നിച്ചെത്തിയതോടെ ടൗണില്‍ ജനത്തിരക്കും ഏറിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തര പരിഹാരം കാണുന്നില്ലെങ്കില്‍ അടുത്ത ആഴ്ച മുതല്‍ ഓണം അവധിവരെ ടൗണ്‍ വഴിയുള്ള സര്‍വിസ് നിര്‍ത്താനാണു തീരുമാനം.
സ്വകാര്യ സ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങള്‍ ദേശീയപാത കൈയടക്കുന്നതിനാല്‍ ദേശീയപാതയിലും വലിയ തോതില്‍ ഗതാഗത സ്തംഭനം അനുഭവപ്പെടുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."