അസ്‌ലം വധക്കേസ്: മുഖ്യപ്രതികളെ തൊടാതെ പൊലിസ് പിടിയിലായത് സഹായികള്‍ മാത്രം
നാദാപുരം: തൂണേരിയിലെ മുഹമ്മദ് അസ്‌ലമിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ പിടികൂടാന്‍ പൊലിസ് മടിക്കുന്നതായി ആരോപണം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായവരാരും നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരല്ല. സഹായികള്‍ മാത്രമാണ്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വടകരയില്‍ നിന്നു കണ്ടെത്തിയതല്ലാതെ കാറിലുണ്ടായിരുന്നവരില്‍ ഒരാളെ പോലും ഇതുവരെയും പൊലിസ് കണ്ടെത്തിയിട്ടില്ല. വാണിമേലില്‍ നിന്നു കാര്‍ വാടകയ്ക്ക് എടുത്ത വളയം സ്വദേശി കുട്ടുവിനെയാണ് പൊലിസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാള്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ലെന്നാണ് പൊലിസ് ഭാഷ്യം. ഇതിനിടയില്‍ ഇയാളുടെ കൂടെ കാര്‍ വാടകയ്ക്ക് എടുക്കാന്‍ പോയ യുവാവ് വിദേശത്തേക്ക് കടക്കുകയും ചെയ്തു. കുട്ടുവില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്ന് പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കാസര്‍ക്കോട്ടെ സി.പി.എമ്മിന്റെ പ്രമുഖ നേതാവ് അനില്‍ ബംഗ്ലത്ത് കസ്റ്റഡിയിലായിരുന്നു. ദിവസങ്ങളോളം പ്രതികളെ സ്വന്തം വീട്ടിലും സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും ഒളിവില്‍ കഴിയാന്‍ സഹായിച്ച ഇയാള്‍ക്കെതിരേ നാമമാത്ര വകുപ്പുകളാണ് പൊലിസ് ചുമത്തിയത്.
കൊലപാതകികള്‍ക്ക് മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ച് വഴി കാണിച്ചു കൊടുത്ത വെള്ളൂരിലെ കരുവാന്റവിട രമീഷനാണ് അറസ്റ്റിലായ മറ്റൊരാള്‍. ഇയാളുടെ കൂടെയുണ്ടായിരുന്ന ജിബിന്‍, ഷാജി എന്നിവരുമാണ് കഴിഞ്ഞ ദിവസം പൊലിസിന്റെ വലയിലായത്. കൊലപാതകികളും വഴികാട്ടികളും സഞ്ചരിച്ച കാറുകളും ഒരു ബൈക്കും കണ്ടെത്തിയ തൊണ്ടി സാധനങ്ങളില്‍ ഉള്‍പ്പെടും. എന്നാല്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളൊന്നും പൊലിസിന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ വ്യക്തിയെന്ന് പൊലിസ് കരുതുന്ന വളയം സ്വദേശി ഏതാനും ദിവസങ്ങളായി പൊലിസിന്റെ വലയിലായതായി പ്രചാരമുണ്ടെങ്കിലും ഇതുവരെയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. നിരവധി കൊലക്കേസുകളില്‍ പ്രതിയായ ഇയാള്‍ വളയത്തെ പാര്‍ട്ടി ഗ്രാമത്തിലായിരുന്നു ഏറെ ദിവസങ്ങള്‍ ഒളിവില്‍ കഴിഞ്ഞത്. പ്രതികളെ ഒളിസങ്കേതങ്ങളില്‍ ചെന്ന് കസ്റ്റഡിയിലെടുക്കാന്‍ പൊലിസ് ഇതുവരെ തയാറായിട്ടില്ല. കസ്റ്റഡിയിലായ രമീശന്‍ ഉള്‍പ്പെടെയുള്ളവരെ സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം ഹാജരാക്കുകയായിരുന്നു.
ഹോസ് ദുര്‍ഗ് പൊലിസ് സ്റ്റേഷനില്‍ യാദൃശ്ചികമായി എത്തിപ്പെട്ട് കസ്റ്റഡിയിലായ കാസര്‍ക്കോട്ടെ അനില്‍ ബംഗ്ലത്തിനെ നാദാപുരം പൊലിസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഏറെ നാടകീയമായ രംഗങ്ങളും അരങ്ങേറുകയുണ്ടായി. കാസര്‍കോട് ജില്ലയിലെ സി.പി.എം നേതാക്കളൊന്നടങ്കം നാദാപുരം സ്റ്റേഷനിലെത്തുകയും അനിലിനെ പ്രതിചേര്‍ക്കുന്ന പക്ഷം സ്റ്റേഷന് മുന്നില്‍ സമരം നടത്തുമെന്ന് പൊലിസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ കൊലക്കേസ് പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ അനിലിനെതിരേ പെറ്റിക്കേസ് ചാര്‍ജ് ചെയ്യുകയും കോടതിയില്‍ നിന്നു നിഷ്പ്രയാസം ജാമ്യം ലഭിക്കുകയുമാണുണ്ടായത്. ഈ കേസില്‍ പിടികിട്ടാനുള്ള പ്രതികള്‍ മുഴുവനും സി.പി എമ്മിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ള സ്ഥിരം ക്രിമിനലുകളാണ്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ ഇവരെ അറസ്റ്റ് ചെയ്യരുതെന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദേശമെന്നും ആക്ഷേപമുണ്ട്.
ഇതു ലംഘിച്ച് സി.പി എമ്മിന്റെ ഏരിയാ സെക്രട്ടറിയുടെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണ ടീം മേധാവി ഡിവൈ.എസ്.പി ആര്‍. കറുപ്പസാമിയെ സ്ഥലം മാറ്റുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഡിവൈ.എസ്.പിയായ സുരേന്ദ്രനെയും അന്വേഷണ ടീമില്‍ നിന്ന് ഒഴിവാക്കി. ഇപ്പോള്‍ സി.പി എമ്മിന്റെ സന്തതസഹചാരിയായ സി.ഐയാണ് കേസ് അന്വേഷണം നിയന്ത്രിക്കുന്നത്. യഥാര്‍ഥ പ്രതികള്‍ക്ക് പകരം ഡമ്മി പ്രതികളെ ഹാജരാക്കി കേസൊതുക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ശക്തമാണ്. കൊല്ലപ്പെട്ട ദിവസം സംഭവ സ്ഥലത്തു നിന്നു ലഭിച്ച കൈവിരല്‍ പ്രതികളിലൊരാളുടേതാണെന്നായിരുന്നു പൊലിസിന്റെ ആദ്യ നിഗമനം. കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിരല്‍ കൊല്ലപ്പെട്ട അസ്‌ലമിന്റേതാണെന്ന തിരുത്തലുമായി പൊലിസ് രംഗത്തെത്തിയത്. ഇതു പ്രതികളെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."