ബസ് അപകടം തകര്‍ത്തത് കുടുംബശ്രീ വനിതകളുടെ ജീവിത സ്വപ്നം
നിലമ്പൂര്‍: ബസപകടത്തെ തുടര്‍ന്ന് തകര്‍ന്ന നിലമ്പൂരിലെ കഫെയുടെ അറ്റകുറ്റപണി നടത്താന്‍ ഡി.റ്റി.പി.സി അധികൃതര്‍ തയ്യാറായില്ല. ഇതുമൂലം തൊഴില്‍ നഷ്ടപ്പെട്ട് കുടുംബശ്രീ വനിതകള്‍ വിഷമവൃത്തത്തിലായി. കഴിഞ്ഞ മാസം ഒന്‍പതിന് സ്വകാര്യ ബസ് ഇടിച്ചാണ് വടപുറം കനോലി പ്ലോട്ടിന് സമീപം സി.എന്‍.ജി റോഡില്‍ ഇവര്‍ നടത്തിയിരുന്ന കുടുംബശ്രീ കഫെ തകര്‍ന്നത്. ഇതോടെ കഫെയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ തൊഴിലില്ലാതെ ഒരുമാസത്തോളം പട്ടിണി അനുഭവിക്കുകയാണ്.
സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധയില്‍ നിയന്ത്രണം വിട്ട ബസ് എതിര്‍വശത്തെ കുടുംബശ്രീ കഫേയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ഒരു ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വുഡ് ഇന്‍ഡസ്ട്രീസിന്റെ മതിലും തകര്‍ന്നിരുന്നു. ഇടിയുടെ ആഘാതത്തില്‍ കഫെ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
അപകടം നടന്ന സമയം കഫെ തുറക്കാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ബസ് തകര്‍ത്ത അതേ അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും കഫെ നില്‍ക്കുന്നത്. ടൂറിസം വകുപ്പിന് കീഴിലുള്ള കഫെ നഗരസഭയിലെ മുക്കട്ട ഡിവിഷനിലെ തണല്‍ കുടുംബശ്രീ യൂണിറ്റാണ് നടത്തുന്നത്. കാട്ടുങ്ങല്‍ സാജിദയുടെ നേതൃത്വത്തില്‍ അഞ്ചുപേരാണ് ഇത് നടത്തുന്നത്. ഇതില്‍ മൂന്ന് പേര്‍ സ്ഥിരമായി കടയില്‍ നില്‍ക്കാറുണ്ട്. സാജിദയെ കൂടാതെ ഉമ്മുസല്‍മ, റജിദ് എന്നിവരാണ് മറ്റു രണ്ടുപേര്‍. ഈ കുടുംബങ്ങള്‍ കഴിയുന്നതും ഈ കഫെയില്‍ നിന്നുള്ള വരുമാനംകൊണ്ടാണ്.
ചായ, പലഹാരങ്ങള്‍, ജ്യൂസുകള്‍ തുടങ്ങിവയാണ് ഇവിടെ വില്‍പ്പനക്കുള്ളത്. നാല് ലക്ഷം രൂപ നിലമ്പൂര്‍ വിജയ ബാങ്കില്‍ നിന്നും ലോണ്‍വാങ്ങിയാണ് ഇവര്‍ കഫെ തുടങ്ങിയത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് അപകടത്തിലൂടെയുണ്ടായത്. കസേരകള്‍, മേശകള്‍, കഫെയുടെ മേല്‍ക്കൂര, തൂണുകള്‍ എല്ലാം തകര്‍ന്നു. ആര്‍.ടി.ഒ, പൊലിസ് പരിശോധന നടത്തിയെങ്കിലും നടപടികളുണ്ടായില്ല. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഒരാഴ്ചകൊണ്ട് എല്ലാം നേരെയാക്കാം എന്ന് പറഞ്ഞ് പോയ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പിന്നീട് നടപടികള്‍ കൈകൊണ്ടില്ല. പെരുന്നാളും, ഓണവും അടുത്തുവരുന്ന സമയത്ത് കഫെ തുറക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ കുടുംബത്തിലെ ആഘോഷങ്ങള്‍ പട്ടിണിയിലേക്ക് വഴിമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."