കുണ്ടൂര്‍ കുത്തിയതോട് പാലത്തിന്റെ പദ്ധതി പ്രദേശം എം.എല്‍.എ സന്ദര്‍ശിച്ചു
മാള: നിര്ധിഷ്ട കുണ്ടൂര്കുത്തിയതോട് പാലത്തിന്റെ പദ്ധതി പ്രദേശം വിലയിരുത്താനും എസ്റ്റിമേറ്റ് തയാറാക്കാനുമായി അഡ്വ. വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരോടും വിവിധ തലങ്ങളിലുള്ള നേതാക്കളോടും മറ്റുമൊപ്പമാണ് എം.എല്‍.എ പദ്ധതി പ്രദേശം സന്ദര്‍ശനം നടത്തിയത്. തൃശൂര്‍ ജില്ലയില്‍ നിന്നാരംഭിക്കുന്ന പാലം എറണാകുളം ജിലയിലാണ് അവസാനിക്കുന്നത്. പാലം അവസാനിക്കുന്നിടത്ത് നിലനില്‍ക്കുന്ന തര്‍ക്കം മൂലം പാലവും അന്‍പത് മീറ്റര്‍ അപ്രോച്ച് റോഡും നിര്‍മിക്കുകയെന്ന ഏകദേശ ധാരണയാണ് ഉണ്ടായത്. പാലം തുടങ്ങുന്നിടത്ത് അപ്രോച്ച് റോഡിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനവുമുണ്ടായി. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ നിന്നാണ് പാലം തുടങ്ങുന്നത്. 22 കോടി രൂപയാണ് പാലത്തിനായി കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ അനുവദിച്ചിരിക്കുന്നത്. 2006 മുതല്‍ മൂന്ന് ബഡ്ജറ്റുകളില് പാലത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. തര്‍ക്കം നില നിന്നതിനാല്‍ പണി ആരംഭിക്കാനായിരുന്നില്ല. എം.എല്‍.എയോടൊപ്പം വാര്‍ഡംഗം മുഹമ്മദ് ഫൗസീര്‍, മറ്റ് ഗ്രാമപഞ്ചായത്തംഗംങ്ങളായ ടി.എ ഷെമീര്‍, കെ.കെ രാജു, എം.കെ ഡേവീസ്, ബിജു തോട്ടാപ്പിള്ളി, നന്ദിത വിനോദ്, ഷീബ ഷാജു, ഗീത മോഹനന്, പ്രഭ ടീച്ചര്‍, പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.ബി ശേഖര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.ആര് ദീപ, ഓവര്‍സീയര്‍ സീന ജോസഫ്, ത്രിതല പഞ്ചായത്ത് മുന്‍ ഭാരവാഹികളായ എം.ആര് അപ്പുക്കുട്ടന്, പി.എഫ് ജോണ്സന്, എ.കെ രാധാകൃഷ്ണന് എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."