പ്രവാസികള്‍ക്ക് കാനഡയോടും, അമേരിക്കയോടും പ്രിയം കുറയുന്നതായി റിപ്പോര്‍ട്ട്; റിവേഴ്‌സ് മൈഗ്രേഷന്‍ ഏറ്റവും കൂടുതല്‍ ഈ രാജ്യത്തേക്ക്
കാനഡയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഒരു സമയം വരെ വലിയ തോതില്‍ കുതിച്ചുയര്‍ന്നിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല യു.എ.ഇ, സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പോലും അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് കുടിയേറ്റം നടന്നിരുന്നു. വലിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെ കാനഡയിലേക്കും, യു.എസിലേക്കും താമസം മാറിയിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇത്തരത്തില്‍ താമസം മാറിയ ഭൂരിപക്ഷം ആളുകളും യു.എ.ഇയിലേക്ക് തന്നെ തിരികെ വരികയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കാനഡയിലേക്കും യു.എസിലേക്കും കുടിയേറുകയും പിന്നീട് മടങ്ങിയെത്തുകയും ചെയ്തവരില്‍ നിന്ന് ദുബായിലെ പ്രോപ്പര്‍ട്ടി മേഖലയില്‍ നിക്ഷേപം വര്‍ധിച്ചുവെന്നാണ് പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. കുടിയേറിയ രാജ്യത്തെ ഉയര്‍ന്ന നികുതി, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, കുറഞ്ഞ തൊഴില്‍ അവസരങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ വേണ്ടികൂടിയാണ് യു.എ.ഇയിലേക്ക് മടങ്ങിയത്.
കാനഡയിലെ ഉയര്‍ന്ന നികുതി കാരണം ദുബായിലേക്ക് റിവേഴ്‌സ് മൈഗ്രേഷന്‍ വലിയ തോതില്‍ ഉണ്ടെന്നാണ് ന്യൂ വേള്‍ഡ് വെല്‍ത്ത് റിസര്‍ച്ച് മേധാവി ആന്‍ഡ്രൂ അമോയില്‍സിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടാതെ കാനഡയില്‍ നിന്നും യു.എസില്‍ നിന്നും മടങ്ങിയവരുടെ ആവശ്യകതയിലുണ്ടായ വര്‍ധനവ് പുതിയ പ്രവണത സൃഷ്ടിക്കുകയാണെന്ന് സാമാന ഡവലപ്പേഴ്‌സിന്റെ സി.ഇ.ഒ ഇമ്രാന്‍ ഫാറൂഖും പറയുന്നു. സാമാനയുടെ പദ്ധതികളിലെ നിക്ഷേപകരില്‍ 5 മുതല്‍ 6 ശതമാനം വരെ ഇപ്പോള്‍ കാനഡയില്‍ നിന്നും മടങ്ങിയെത്തിയവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി യു എ ഇ പ്രവാസികള്‍ കഴിഞ്ഞ ദശകത്തില്‍ കാനഡയിലേക്കും യു എസിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്ക് വളരെ പ്രതീക്ഷയോടെ കുടിയേറി. എന്നാല്‍ പൊതു സുരക്ഷയും ജീവിത നിലവാരവും, പ്രിയപ്പെട്ടവരെ കാണാനുള്ള ഹ്രസ്വദൂര വിമാന സര്‍വ്വീസും കാരണം യു എ ഇയിലേക്ക് മടങ്ങാന്‍ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ജീവിതച്ചെലവ് വലിയ തോതില്‍ വര്‍ധിച്ചതാണ് പ്രധാനമായും തിരിച്ചടിയായി മാറിയയത്. പ്രധാനമായും വാടകയില്‍ വലിയ കുതിച്ചുചാട്ടമുണ്ടായി. ഈ സാഹചര്യത്തിലാണ് വിദേശ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അടക്കം വലിയ നിയന്ത്രണമുണ്ടായത്. ' കാനഡയില്‍ നിന്നും മടങ്ങിയെത്തുന്നവരില്‍ അധികവും ഇന്ത്യക്കാരും പാകിസ്ഥാനികളുമാണ്. അവര്‍ യുഎഇയില്‍ താമസിക്കുകയും പിന്നീട് അവിടേക്ക് കുടിയേറുകയും ചെയ്തു.എന്നാല്‍ അവിടെ ആളുകള്‍ അവരുടെ വരുമാനത്തിന്റെ 40 മുതല്‍ 50 ശതമാനം വരെ നികുതിയായി അടയ്ക്കുന്നു. യുഎഇയില്‍ ആദായ നികുതിയില്ല. അതിനാല്‍, പാസ്‌പോര്‍ട്ട് ലഭിച്ചതിന് ശേഷം ആളുകള്‍ യു എ ഇയിലേക്ക് തിരികെ വരാന്‍ ഇഷ്ടപ്പെടുകയാണ് ' എന്നും ഇമ്രാന്‍ ഫാറൂഖ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."