ആളുമാറി പൊലിസ് മര്‍ദനം: വിദ്യാര്‍ഥിയെ ഡി.സി.സി പ്രസിഡന്റ് സന്ദര്‍ശിച്ചു
ചവറ: പൊലിസുകാരന്റെ ആളുമാറിയുള്ള മര്‍ദനത്തിനിരയായ പന്മന ആക്കല്‍ കൊച്ചുമണപ്പുഴയില് പുത്തന്‍ വീട്ടില്‍ സഹീലിനെ ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്
എം.പി വീട്ടിലെത്തി സന്ദര്‍ശിച്ചു. കഴിഞ്ഞ മാസം 24നായിരുന്നു ചിറയിന്‍കീഴ് സ്റ്റേഷനിലെ പൊലിസുകാരന് സഹീലിനെ മര്‍ദിച്ചത്.
ചിറയിന്‍കീഴ് മുസലിയാര്‍ എന്‍ജിനിയറിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ സഹീലും സുഹൃത്തുംകൂടി ആറ്റിങ്ങലില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വലിയകട ജങ്ഷനില്‍ ബസ് ഇറങ്ങിയപ്പോള്‍ പൊലിസുകാരന് വന്ന് കഴുത്തിന് പിടിച്ച് മര്‍ദിച്ച് ഓട്ടോയില്‍ വലിച്ചു കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനില്‍ ചെന്നപ്പോഴാണ് മര്‍ദിച്ചയാള്‍ പൊലിസുകാരനാണെന്നറിഞ്ഞത്.
പിന്നീട് സ്റ്റേഷനിലെ ചുവരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദിച്ചു. ഏറെ സമയത്തിന് ശേഷമാണ് ആളുമാറിയാണ് മര്‍ദിച്ചതെന്ന് പൊലിസുകാരന് മനസ്സിലായത്. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ ജീവിതം തുലയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് ചിറയിന്‍കീഴ്
താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തി ആശുപത്രിക്ക് സമീപം ഇറക്കി വിടുകയുമായിരുന്നുവെന്നും സഹീല്‍ പറയുന്നു. തുടര്‍ന്ന് ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളെത്തി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് നാട്ടുകാരും വിദ്യാര്‍ഥികളും ചിറയിന്‍കീഴ് പൊലിസ് സ്റ്റേഷനും റോഡും ഉപരോധിച്ച ശേഷമാണ് ഉന്നത പൊലിസ് ഇടപെട്ട് പൊലിസുകാരനെതിരേ കേസെടുക്കാന്‍ തയാറായത്. കേസില്‍ അലംഭാവം കാണിക്കരുതെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥരോട് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."