പൊന്നോണത്തിന് ഇനി പത്തുനാള്‍; ചാലയില്‍ പൂവിപണി ഉണര്‍ന്നു
തിരുവനന്തപുരം: തിരുവോണത്തിന് ഇനി പത്തുനാള്‍...പൊന്നോണത്തിന് പൂക്കളമൊരുക്കാന്‍ ചാലയില്‍ പൂക്കളുമെത്തി...ഇനി പൂവിളിയുടെ ദിനങ്ങള്‍...ചാല കമ്പോളത്തിലെ പൂവിപണിയ്ക്ക് പാരമ്പര്യത്തിന്റെ പരിമളമാണ്. അമ്പതും അറുപതും വര്‍ഷത്തെ പാരമ്പര്യമുള്ളവരാണ് കമ്പോളത്തിലെ പ്രധാനികള്‍.
ഇന്നലെമുതല്‍ ചാല ഉത്സവ ലഹരിയിലാണ്. കമ്പോളത്തിന്റെ പ്രധാന കവാടം മുതല്‍ തന്നെ തുടങ്ങുന്നു പൂക്കച്ചവടം. തുടക്കത്തില്‍ കാണുന്ന ചെറിയ കച്ചവടക്കാരെ കടന്ന് മാര്‍ക്കറ്റിനുള്ളിലേക്ക് പോയാല്‍ കണ്ണും മനസ്സും നിറയും. പൂക്കളുടെ പുതുവസന്തമാണ്.
അറുപതോളം പേരാണ് ചാലയിലെ സ്ഥിരം പൂക്കച്ചവടക്കാര്‍. വര്‍ഷങ്ങളായി പൂക്കള്‍ മൊത്തമായും ചില്ലറയായും വില്‍ക്കുന്നവര്‍. അച്ഛനപ്പൂപ്പന്മാര്‍ തുടങ്ങിവെച്ച പൂക്കച്ചവടം ഏറ്റെടുത്തു നടത്തുന്നവരാണ് ഇവരില്‍ ഭൂരിഭാഗം പേരും.
തോവാള, സേലം, ശങ്കരന്‍ കോവില്‍, ബംഗളൂരു, ഉസൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണു ചാലയിലേക്കു പൂക്കള്‍ എത്തുന്നത്. അത്തം തുടങ്ങിയാല്‍ ഇവിടേയ്‌ക്കെത്തുന്ന പൂക്കളുടെ അളവു വര്‍ധിക്കും. വിവിധ തരത്തിലുള്ള ജമന്തി, അരളി, വാടാമുല്ല, പിച്ചി, മുല്ല തുടങ്ങി നിരവധി പൂക്കള്‍ ഇപ്പോള്‍തന്നെ വില്‍പനയ്‌ക്കെത്തിയിട്ടുണ്ട്. ഓണക്കാലത്ത് മാത്രം വില്‍പനയ്ക്ക് എത്തുന്ന പൂക്കളും ഈ കൂട്ടത്തിലുണ്ട്. വെള്ള ജമന്തി അത്തമെത്തുമ്പോള്‍ മാത്രമേ ചാലയിലേക്ക് എത്താറുള്ളു. ഇവ പെട്ടെന്നു പൊഴിഞ്ഞുപോകാന്‍ ഇടയുള്ളതിനാലാല്‍ പൂക്കളമിടാന്‍ വേണ്ടിമാത്രമാണ് ഉപയോഗിക്കുന്നത്. കൂട്ടത്തില്‍ ഏറ്റവും ആകര്‍ഷകമായതു വാടാമുല്ലയാണ്. തോവാളയില്‍ നിന്നുമെത്തുന്ന വാടാമുല്ലയ്ക്കു മാത്രമാണു നല്ല കടുത്ത നിറമുള്ളതെന്നു വില്‍പ്പനക്കാര്‍ പറയുന്നു. അരളിയ്ക്കാണ് പിന്നെ ആവശ്യക്കാര്‍ ഏറെയുള്ളത്.
വിപണി കുലുക്കാന്‍
പൂക്കള മത്സരങ്ങള്‍
സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ,സ്വകാര്യ സ്ഥാപനങ്ങള്‍, ക്ലബുകള്‍ എന്നിവരുടെ ആഭിമുഖ്യത്തിലുള്ള അത്തപ്പൂക്കള മത്സരങ്ങളാണ് പൂവിപണിയില്‍ ചലനങ്ങള്‍ സൃഷിക്കുന്നത്. ഇനിയുള്ള ദിനങ്ങള്‍ മത്സരാഘോഷങ്ങളുടേതുകൂടിയാണ്.
മത്സരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടി പൂക്കള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനെത്തുന്നവരുടെ തിരക്കായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍. ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് വിലയില്‍ വ്യത്യാസം വരുമെന്ന് വ്യാപാരികള്‍ പറയുന്നു. ഉത്രാടമെത്തിയാല്‍ കിട്ടുന്ന വിലയ്ക്ക് പൂക്കള്‍വാങ്ങിപ്പോകുന്നവരാണ് കൂടുതലും . വില ആര്‍ക്കും ഒരു പ്രശ്‌നമേ അല്ല.
ഓരോ കടയിലും ഒരോ തരത്തിലാണ് പൂക്കളുടെ വില. ഹോള്‍സെയില്‍ കടകളും റീട്ടെയ്ല്‍ കടകളും ഇവിടെയുണ്ട്. തോവാളയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഇരുപതോ മുപ്പതോ രൂപ കൂട്ടിയാണു പൂക്കള്‍ വില്‍ക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. അതിനാല്‍ വലിയ ലാഭമൊന്നുമില്ല. ലാഭം കൊയ്യുന്നത് തോവാളയിലെ വ്യാപാരികളാണത്രേ.
പൂക്കളമിടാനും
അവര്‍ കനിയണം !
നാട്ടുവഴികളില്‍ നിന്നും പൂക്കള്‍ പറിച്ച് പൂക്കളമിട്ടിരുന്നതൊക്കെ ഓര്‍മകള്‍ മാത്രം. മറുനാടന്‍ പൂക്കള്‍ രംഗം കൈയടക്കി.
വിപണിയില്‍ ലഭിക്കുന്ന പൂക്കളെ മലയാളികള്‍ ആശ്രയിച്ചതോടെയാണ് വില്‍പ്പനക്കാര്‍ തോന്നുംപടി വിലയീടാക്കിത്തുടങ്ങിയത്. രണ്ടു ദിവസത്തിനു മുന്‍പുള്ള വിലയുടെ ഇരട്ടിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. മുല്ലയ്ക്കും പിച്ചിക്കുമാണ് ഇപ്പോള്‍ പൊന്നുംവില. വൈവിധ്യംകൊണ്ട് ഇത്തവണ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് റോസയാണ്. മുന്‍ വര്‍ഷങ്ങളില്‍ കാണാത്ത ചില വൈവിധ്യങ്ങള്‍ റോസയിലുണ്ട്. പതിവ് പൂക്കളബ്രാന്റുകളായ ജമന്തി, ബന്തി, വാടാമല്ലി, ലില്ലി, എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്.
ഇത്തവണ മഴ കുറഞ്ഞത് പൂകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതും വിലവര്‍ധനയ്ക്ക് ഒരു കാരണമായി. തിരുവോണം അടുക്കുന്നതോടെ പൂക്കളുടെ വില ഇനിയും കൂടും. അത്തം തുടങ്ങുമ്പോള്‍ തന്നെ തോവാളയിലെ പൂവിന്റെ വിലയും വര്‍ധിക്കുമെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്.
ഒരു കിലോഗ്രാം മഞ്ഞ ജമന്തിക്ക് 120 രൂപയാണ് ഇന്നലത്തെ വിപണിവില. ഓറഞ്ച് ജമന്തി 100 രൂപയ്ക്കും വാടാമുല്ല 150 രൂപയ്ക്കും ലഭിക്കും. തെറ്റി 160, പിങ്ക് അരളി 200, ചുവന്ന അരളി 250, വെള്ള അരളി 225 എന്നിങ്ങനെയാണു വില. റോസയ്ക്ക് 250 മുതല്‍ 400 രൂപ വരെയാണ് കിലോയ്ക്ക് വില. അത്തപ്പൂക്കളമിടാന്‍ മുല്ലയും പിച്ചിയൊന്നും ഉപയോഗിക്കാറില്ലെങ്കിലും ഇവയ്ക്കാണ് നിലവില്‍ കൂടുതല്‍ വില. മുല്ല കിലോ 1200 രൂപയാണ്. പിച്ചി കിലോ 1400-ഉം.ഈ വിലയൊക്കെ ഇന്ന് മാറിമറിയും.
മറുനാട്ടില്‍ നിന്നും പൂക്കള്‍ എത്തിയില്ലെങ്കില്‍ മലയാളികള്‍ക്ക് ഓണമാഘോഷിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. വെള്ളായണിയില്‍ നിന്നുള്ള താമരയും അതിന്റെ ഇലയും മാത്രമാണ് പൂവിപണിയിലെ കേരള പ്രതിനിധികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."