പരസ്പര ബഹുമാനത്തോടെ മുന്നോട്ടു പോകാം; ചൈനയോട് ഇന്ത്യ
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര ബഹുമാനത്തോടെ മുന്നോട്ടു പോകാമെന്ന് കൂടിക്കാഴ്ചയില്‍ മോദി സൂചിപ്പിച്ചു. ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള (എന്‍.എസ്.ജി) ഇന്ത്യയുടെ പ്രവേശത്തിനെ ചൈന എതിര്‍ത്തിരുന്നു. ഇരു രാജ്യങ്ങളും അവരവരുടെ ആഗ്രഹങ്ങളെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണ പങ്കാളിത്തം ഇരു രാജ്യങ്ങള്‍ക്കു മാത്രമല്ല ഏഷ്യന്‍ മേഖലയ്ക്കും ലോകത്തിനും വളരെ പ്രധാനപ്പെട്ടതാണെന്നും മോദി വ്യക്തമാക്കി.
ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു ചൈന ആഗ്രഹിക്കുന്നുണ്ടെന്ന് ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്കിടെ സീ ജിന്‍പിങ് പറഞ്ഞു. പരസ്പരം ബഹുമാനിച്ചു മുന്നോട്ട് പോകുന്നതോടൊപ്പം തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനു സമഗ്രമായ രീതികള്‍ തേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മിര്‍ വഴിയുള്ള ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി, പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദി സംഘടനകള്‍ തുടങ്ങിയ വിഷയങ്ങളിലും ഇരു നേതാക്കളും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
ജൂണില്‍ താഷ്‌കന്റില്‍ നടന്ന ഷങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ചൈന അന്തിമ തീരുമാനമെടുത്തിട്ടില്ല.
യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തുടങ്ങി പ്രമുഖ രാഷ്ട്രത്തലവന്മാര്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യം, സാമ്പത്തിക മേഖലയിലെ ഘടനാ പരിഷ്‌കരണം, തൊഴിലവസരം സൃഷ്ടിക്കല്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായ ഉച്ചകോടി ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."