വിജയശേഖരന്‍ മാഷ് വിളയിച്ചെടുത്തത് 350 ലേറെ എന്‍ജിനീയര്‍മാരെ
പാലക്കാട്: സൗജന്യ ട്യൂഷനും എന്‍ട്രന്‍സ് പരിശീലനവും നല്‍കി വിജയശേഖരന്‍മാഷ് വിളയിച്ചെടുത്തത് 350ലധികം എന്‍ജിനീയര്‍മാരെ. ഇവരെല്ലാം ഉന്നത ഉദ്യോഗസ്ഥരായി ഇന്ത്യയിലും പുറത്തുമായി ജോലിചെയ്യുന്നു.
ആദിവാസികളുള്‍പ്പെടെ 300 ലധികം കുട്ടികള്‍ ഇപ്പോഴും ശിഷ്യര്‍ ഗുരുദക്ഷിണയായി പണിത് നല്‍കിയ കരിപ്പാലിയിലെ പഠനവീട്ടില്‍ എത്തുന്നുണ്ട്. 56 കുട്ടികള്‍ എന്‍ജിനീയറിംഗ്, മെഡിക്കല്‍ പരീക്ഷകള്‍ക്കുള്ള പഠന തിരക്കിലാണ്. 100 കുട്ടികള്‍ തൃശൂരിലെ കോച്ചിങ് കേന്ദ്രത്തിലും പരിശീലനം നേടുന്നുണ്ട്.
ഒരു പൈസപോലും പ്രതിഫലം പറ്റാതെയും നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിച്ചും നാലു പതിറ്റാണ്ടിലേറെക്കാലമായി വിജയന്‍ മാഷ് കര്‍മനിരതനാണ്. ഇത്തവണ എന്‍ട്രന്‍സ് കടമ്പ കടന്ന് സര്‍ക്കാര്‍ മെറിറ്റില്‍ 23പേര്‍ എന്‍ജിനീയറിംഗ് സീറ്റിലും , രണ്ട് പേര്‍ എം. ബി. ബി. എസ് സീറ്റിലും പ്രവേശനം നേടി. ഇവര്‍ വിവിധ കോളജുകളില്‍ ചേര്‍ന്നുകഴിഞ്ഞു.
1973ല്‍ വണ്ടിത്താവളം കെ. കെ. എം.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 2005ല്‍ വിരമിച്ചു. എന്നും വിദ്യാര്‍ഥികളുടെ ആത്മമിത്രമായിരുന്നു. പഠിക്കാന്‍ മനസുള്ള കുട്ടികളോടൊപ്പം ബെഞ്ചിലിരുന്നു പറഞ്ഞുകൊടുക്കും. ' വിജയേട്ടന്‍ 'എന്നാണ് വിദ്യാര്‍ഥികള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. കണക്കും, ഉര്‍ജതന്ത്രവുമാണ് കൂടുതലും പഠിപ്പിച്ചിരുന്നത് .
വിദ്യാഭ്യാസപരമായി പിന്നാക്കമുള്ള പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളില്‍ മാത്രം നൂറിലേറെ എന്‍ജിനീയര്‍മാരെ സൃഷ്ടടിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി എന്നിവിടങ്ങളിലുള്ള കുട്ടികളെ കണ്ടെത്തി സ്‌പെഷ്യല്‍ കോച്ചിങ് നല്‍കിവരികയാണ്. പ്രായം തളര്‍ത്താത്ത ഇദ്ദേഹം അവധിക്കാലങ്ങളില്‍ ആദിവാസി മേഖലകളിലുള്ള കുട്ടികളെ കണ്ടെത്താന്‍ യാത്ര ചെയ്യുന്നു .
ഈ സേവന സന്നദ്ധത കണ്ടറിഞ്ഞാണ് തൃശൂരിലെ പി.സി. തോമസ് കുട്ടികള്‍ക്ക് സൗജന്യമായി കോച്ചിങ് നല്‍കാന്‍ താല്‍പ്പര്യപ്പെട്ടത്. പാലക്കാട്ടെ അക്ഷര ഫൗണ്ടേഷന്‍ സഹായിക്കുന്നുണ്ട്. പഴയ ശിഷ്യന്മാര്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ രണ്ടുനില കെട്ടിടം നിര്‍മിച്ച് നല്‍കി.
ഇവിടെ റഫറന്‍സ് ലൈബ്രറി ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മാഷും കൂട്ടികളും. സേവനം കണ്ടറിഞ്ഞ് അധ്യാപക ദിനമായ ഇന്ന് ഇദ്ദേഹത്തെ വിവിധ സ്‌കൂളുകളില്‍ ആദരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."