അവധിദിനത്തില്‍ ഓണമാഘോഷിച്ച് സര്‍ക്കാര്‍ ഓഫിസുകള്‍
തിരുവനന്തപുരം: തലസ്ഥാനത്ത് അവധിദിനത്തില്‍ ഓണമാഘോഷിച്ച് സര്‍ക്കാര്‍ ഓഫിസുകള്‍. ജോലിസമയത്ത് ഓണാഘോഷങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവു മാനിച്ചാണ് ജീവനക്കാര്‍ ഇന്നലെ ഓണാഘോഷം സംഘടിപ്പിച്ചത്.
തലസ്ഥാനത്തെ പബ്ലിക് ഓഫിസിലെ സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റ് ഓഫിസ്, നബാര്‍ഡ്, കിഴക്കേകോട്ടയിലെ താലൂക്ക് ഓഫിസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഓണാഘോഷം നടന്നത്.
പൂക്കളമൊരുക്കിയും ഓണപ്പാട്ടുകള്‍ പാടിയും സദ്യ ഉണ്ടുമാണ് അവധിദിനം ആഘോഷമാക്കിമാറ്റിയത്. ജീവനക്കാര്‍ക്കുപുറമെ അവരുടെ കുടുംബാംഗങ്ങളും ആഘോഷത്തിനെത്തിയിരുന്നു.
ഓണാഘോഷങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ജോലിക്ക് തടസം സൃഷ്ടിക്കാത്ത തരത്തില്‍ ജീവനക്കാര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. അതേസമയം, സര്‍ക്കാര്‍ ഉത്തരവ് വരുന്നതിനു മുന്‍പുതന്നെ ഏതെങ്കിലും അവധിദിനത്തില്‍ ആഘോഷം നടത്താന്‍ തീരുമാനിച്ചിരുന്നുവെന്നാണ് ജീവനക്കാരുടെ പക്ഷം. ഒരുമാസം മുന്‍പുതന്നെ ഇതുസംബന്ധിച്ച് തീരുമാനത്തില്‍ എത്തിയിരുന്നുവെന്നും സര്‍ക്കാര്‍ ഉത്തരവ് വന്നതിനാല്‍ അല്ല ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിച്ചതെന്നും ജീവനക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."