മദര്‍ തെരേസ ഇന്ത്യന്‍ ബഹുസ്വരതയുടെ പ്രതീകം: സമദാനി
കോട്ടയം: ജാതിയുടെയും മതത്തിന്റെയും അതിര്‍ വരമ്പുകളില്ലാത്ത മാനവികതയും മതത്തില്‍ മതേതരത്വവും കണ്ടെത്തിയ മദര്‍ തെരേസ ഇന്ത്യന്‍ ബഹുസ്വരതയുടെ പ്രതീകമാണെന്ന് എം.പി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. കോട്ടയം തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ മദര്‍ തെരേസാ തിരുനാളിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതത്തെ വളച്ചൊടിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് മദര്‍ തെരേസയെപ്പോലുള്ളവരുടെ രീതിശാസ്ത്രം മാതൃകാപരമാണ്. മതത്തെ സൗമ്യ മന്ദഹാസമാക്കി സ്‌നേഹഗാഥകള്‍ രചിക്കുകയും സേവനപാതയില്‍ അസംഖ്യം മനുഷ്യര്‍ക്ക് ആശ്വാസം പകരുകയും ചെയ്ത മദര്‍ സ്‌നേഹത്തിന്റെ പ്രതീകമാണ്.
കാരുണ്യമാണ് മതം. മതങ്ങളുടെയെല്ലാം കാരുണ്യഭാവം ഒന്നാണ്. മതം വൈദ്യമാകണം. മുറിവുണ്ടാക്കാനല്ല, മരുന്ന് പുരട്ടിക്കൊടുക്കാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്. മനസുകളെ ഭിന്നിപ്പിക്കാനല്ല, കരുതലോടെ കൂട്ടിച്ചേര്‍ക്കാനാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ആട്ടിയോടിക്കാനല്ല, ആലിംഗനം ചെയ്യാനാണ് അത് ഉദ്‌ഘോഷിക്കുന്നത്. അന്നം നല്‍കുക, കഴിപ്പിക്കുക എന്നതായിരുന്നു മദര്‍ തെരേസ ലോകത്തെ പഠിപ്പിച്ചത്. ഭീകരതയും തീവ്രവാദവുമൊന്നും മതമല്ല. രാഷ്ട്രീയമാണ് അവയ്ക്ക് പിന്നില്‍. അധികാരത്തിലേറാനും ഇറക്കിവിടാനും ചിലര്‍ മതത്തെ ഹൈജാക്ക് ചെയ്യുന്നു. ഇതില്‍ നിന്നും മതത്തെ മോചിപ്പിക്കേണ്ടത് വിശ്വാസികള്‍ തന്നെയാണെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.
സമ്മേളനം മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള മദര്‍ തെരേസാ അവാര്‍ഡ് പ്രൊവിഡന്‍സ് ഹോം കുന്നന്താനത്തിനു അദ്ദേഹം സമര്‍പ്പിച്ചു. ഫാ. ആന്റണി കാട്ടൂപ്പാറ അധ്യക്ഷനായിരുന്നു. കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ, മാത്യു കുരുവിള പെരിങ്ങാട്, കെ.വി. കുര്യന്‍ ചൂരക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."