കൊളീജിയത്തിലെ സുതാര്യത
ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായം കുറ്റമറ്റതല്ലെങ്കിലും ഏറെക്കുറെ നീതിപൂര്‍വ്വകമാണെണന്ന വിശ്വാസത്തിലായിരുന്നു പൊതുസമൂഹം. കൊളീജിയം സമ്പ്രദായത്തിനു പകരം ജഡ്ജിമാരെ നിയമിക്കുവാന്‍ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ രൂപീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രിംകോടതി വിധിച്ചത്. സര്‍ക്കാര്‍ തീരുമാനിച്ച ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ രൂപീകരിക്കപ്പെട്ടില്ല. എന്നാല്‍ ഈ സംഭവം സര്‍ക്കാരും സുപ്രിം കോടതിയും തമ്മിലുള്ള ശീതസമരത്തിന് കാരണമാവുകയും ചെയ്തു.
സുപ്രിംകോടതിയിലും ഹൈക്കോടതികളിലുമുള്ള ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുവാനായി സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിച്ച ജഡ്ജിമാരില്‍ നിന്നും നിയമനം നടത്തണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ടാക്കൂര്‍ കേന്ദ്രസര്‍ക്കാരിനോട് പലവട്ടം ആവശ്യപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ അയഞ്ഞില്ല. ജഡ്ജിമാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജോലിഭാരത്തെക്കുറിച്ചും മതിയായ ജഡ്ജിമാര്‍ കോടതികളില്‍ ഇല്ലാത്തതും സംബന്ധിച്ച് ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ, ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ എടുത്തുപറഞ്ഞത് നിറക്കണ്ണുകളോടെയായിരുന്നു.
ലക്ഷക്കണക്കിനു കേസുകളാണ് വിവിധ ഹൈക്കോടതികളിലും സുപ്രിംകോടതിയിലുമായി കെട്ടിക്കിടക്കുന്നത്. ഇതിനൊരു പരിഹാരം എത്രയും പെട്ടെന്ന് ഒഴിവുള്ള തസ്തികകളില്‍ ജഡ്ജിമാരെ നിയമിക്കുക എന്നതാണ്. ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച ജഡ്ജിമാരുടെ പാനലില്‍ ജഡ്ജി ജെ ചെലമേശ്വരും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു വിധിന്യായത്തില്‍ താന്‍ എതിരഭിപ്രായമാണ് എഴുതിയതെന്നും സര്‍ക്കാരിന്റെ ജുഡീഷ്യല്‍ നിയമന കമ്മിഷനാണ് അഭികാമ്യമെന്നും താനെഴുതിയിരുന്നുവെന്നും അദ്ദേഹമിപ്പോള്‍ പറഞ്ഞിരിക്കുന്നു.
മാത്രമല്ല, കൊളീജിയം സമ്പ്രദായം സുതാര്യമല്ലെന്ന ആക്ഷേപവും അദ്ദേഹം ഉയര്‍ത്തിയിരിക്കുകയാണ്. രണ്ടുപേര്‍ ഇരുന്ന് തയ്യാറാക്കുന്ന ജഡ്ജിമാരുടെ ലിസ്റ്റ് കൊളീജിയം യോഗത്തില്‍ കൊണ്ടുവന്ന് വായിക്കുകയും ഇത് അംഗീകരിക്കുകയല്ലേ എന്ന് എല്ലാവരോടുമായി ചോദിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും, അതിനാല്‍ ഇനി കൊളീജിയം യോഗത്തില്‍ പങ്കെടുക്കുകയില്ലെന്നുമാണ് ജഡ്ജി ജെ ചെലമേശ്വരന്റെ നിലപാട്. അധികാരത്തില്‍ വരുന്ന പാര്‍ട്ടികള്‍ക്ക് ഇഷ്ടമുള്ളവരെ നിയമിക്കാന്‍ പഴുതുള്ളതാണ് ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ എന്ന് ഇതിന്റെയും ന്യൂനതയാണ്.
പൊതുസമൂഹത്തില്‍ വളരെ ആശങ്കയുളവാക്കുന്ന വിവരങ്ങളാണ് ജസ്റ്റിസ് ചെലമേശ്വര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്ന സമ്പ്രദായം ശരിയല്ലെന്ന പൊതു അഭിപ്രായത്തിന് ശക്തികിട്ടാതെ പോയത് ജഡ്ജിമാര്‍ പക്ഷപാതപരമായി പെരുമാറുകയില്ലെന്ന വിശ്വാസത്തിലായിരുന്നു. രണ്ടുപേര്‍ എഴുതിക്കൊണ്ടുവന്ന ജഡ്ജിമാരുടെ പട്ടിക കൊളീജിയത്തിലെ മറ്റുള്ളവര്‍ അംഗീകരിച്ചു പോരുകയായിരുന്നു ഇത്രയും കാലമെന്ന് ചെലമേശര്‍ പറയുന്നു.
കൊളീജിയം സമ്പ്രദായം കുറ്റമറ്റതല്ലെന്നും പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ റദ്ദാക്കിക്കൊണ്ട് ഭരണഘടനാ ബെഞ്ച് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 16ന് വിധി പ്രസ്താവിച്ചത് സ്മരണീയമാണ്. കൊളീജിയം സമ്പ്രദായം പരിഷ്‌ക്കരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കരിനോട് വിധിന്യായത്തില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ ഉദ്ദേശിച്ച ജുഡീഷ്യല്‍ നിയമന കമ്മിഷനും പോരായ്മകള്‍ ഏറെയുണ്ട്. ഈ കമ്മിഷനില്‍ കേന്ദ്രമന്ത്രിമാരെ അംഗങ്ങളാക്കുമ്പോള്‍ സര്‍ക്കാരിനു താല്‍പര്യമുള്ളവരെ ജഡ്ജിമാരായി നിയമിക്കുവാന്‍ കഴിയും. കൊളീജിയത്തിന്റെ അഭിപ്രായം അവഗണിച്ച് ബി.ജെ.പി സര്‍ക്കാര്‍ സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിക്കസ് ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജി നിയമന പട്ടികയില്‍ നിന്നും വെട്ടിയത് മറക്കാറായിട്ടില്ല. അമിത്ഷാക്ക് വേണ്ടി വാദിച്ച അഭിഭാഷകനെ സുപ്രിംകോടതി ജഡ്ജി പാനലില്‍ ഉള്‍പ്പെടുത്തിയതും മറക്കാറായിട്ടില്ല.
സര്‍ക്കാര്‍ എതിര്‍കക്ഷിയായി വരുന്ന കേസുകളില്‍ രാഷ്ട്രീയ നിയമനം കിട്ടുന്ന ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലവിധി പ്രസ്താവങ്ങള്‍ പുറപ്പെടുവിക്കും തുടങ്ങിയ സന്ദേഹങ്ങളായിരുന്നു ജുഡീഷ്യല്‍ നിയമന കമ്മിഷനെതിരേ തിരിയുവാന്‍ ജഡ്ജിമാരെയും അവര്‍ക്ക് പിന്തുണ നല്‍കാന്‍ പൊതുസമൂഹത്തെയും പ്രേരിപ്പിച്ചത്. ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ ലോക്‌സഭയും രാജ്യസഭയും അംഗീകരിച്ചതാണെങ്കിലും ഭരണഘടന വിരുദ്ധമായതിനാലാണ് കോടതി അത് തള്ളിയത്. രാഷ്പ്രതിയുടെ പിന്തുണയും ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രസ്താവനക്കായിരുന്നു.
കൊളീജിയം സമ്പ്രദായം കുറ്റമറ്റതല്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മെച്ചപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ജസ്റ്റിസ് കേഹാര്‍ അധ്യക്ഷനാ യ ബെഞ്ച് രൂപീകരിച്ചതും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ബെഞ്ച് സര്‍ക്കാരിനോടാവശ്യപ്പെട്ടതും. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. അതുകാരണം ജുഡീഷ്യറിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ശീതസമരം തുടരുകയുമാണ്. ഇത്തരമൊരു ഘട്ടത്തില്‍ ജഡ്ജി ചെലമേശ്വരിന്റെ വാക്കുകള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ ഭരണഘടനാവിരുദ്ധമാണെന്ന സുപ്രിം കോടതിവിധി ചര്‍ച്ച ചെയ്യാന്‍ സര്‍കക്ഷി യോഗം വിളിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും വിധിവന്ന് പത്തുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തുടര്‍നടപടികളൊന്നും എടുത്തിട്ടില്ല. ജസ്റ്റിസ് ചെലമേശ്വരന്റെ വാക്കുകള്‍ മുഖവിലക്കെടുത്ത് ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ സമ്പ്രദായം ഒഴിവാക്കി ജസ്റ്റിസ് കേഹാര്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത് പ്രകാരമുള്ള കൊളീജിയം സമ്പ്രദായം കുറ്റമറ്റതാക്കാനുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടത്.
ഭരണകൂടങ്ങളുടെ തീരുമാനങ്ങള്‍ ഭരണഘടനാ വിരുദ്ധമാകുമ്പോള്‍ കോടതികള്‍ അത് തള്ളുമെന്നത് സ്വാഭാവികമാണ്. അതിന്റെ പേരില്‍ കോടതികളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന നടപടി ആശാസ്യമല്ല; സര്‍ക്കാരിന് യോജിച്ചതുമല്ല. കോടതി ആവശ്യപ്പെട്ട പരിഷ്‌ക്കരണ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം. വിളിച്ചുചേര്‍ക്കാത്ത സര്‍വകക്ഷി യോഗം അതിനായി വിളിക്കണം. നമ്മുടെ ജനാധിപത്യത്തിന്റെ നട്ടെല്ലാണ് കോടതികള്‍ എന്നത് വിസ്മരിക്കരുത്. ജനാധിപത്യത്തിന്റെ തൂണുകളില്‍ പ്രബലമായ ഈ തൂണ്‍ തകരാന്‍ പാടില്ല. ജനാധിപത്യത്തിന്റെ തകര്‍ച്ചയായിരിക്കും അതുവഴി സംഭവിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."