ഹജ്ജിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണം: ഹൈദരലി തങ്ങള്‍
നെടുമ്പാശ്ശേരി: ഹജ്ജ് ജീവിതത്തില്‍ ലഭിക്കുന്ന അസുലഭമായ സൗഭാഗ്യമാണെന്നും ഹജ്ജിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഹാജിമാര്‍ക്ക് കഴിയണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സംസ്ഥാന ഹജ്ജ് ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹജ്ജ് മറ്റു ആരാധനാ കര്‍മങ്ങള്‍ പോലെ എവിടെയെങ്കിലും വച്ച് നിര്‍വഹിക്കാനാവില്ല. വിശുദ്ധ മക്കയില്‍ തന്നെ നിര്‍വഹിക്കേണ്ടതാണ്. ഹജ്ജ് പാപങ്ങള്‍ പൂര്‍ണമായി പൊറുക്കപ്പെടുന്നതിന് കൂടി കാരണമായി മാറുകയാണ്.
പരസ്പരം ദുആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നുവെന്നതും ഹജ്ജിന്റെ സവിശേഷതയാണ്. ഒരേ വേഷത്തില്‍ ഐക്യ സന്ദേശം ഉയര്‍ത്തിക്കൊണ്ട് നടത്തുന്ന അറഫാ സംഗമം ഹജ്ജിനെ കൂടുതല്‍ മഹത്വരമാക്കുന്നു. അറഫയിലെ പ്രാര്‍ഥന മനം നിറഞ്ഞ പ്രാര്‍ഥനയാക്കി മാറ്റാന്‍ എല്ലാ ഹാജിമാര്‍ക്കും കഴിയണം.
യാത്ര തുടങ്ങുന്ന സമയം മുതല്‍ ഇബാദത്തില്‍ ഏര്‍പ്പെടുന്ന ഹാജിമാര്‍ ഇബ്രാഹീം നബിയുടെ ത്യാഗോജ്ജ്വലമായ സ്മരണകളെ പുനരുജ്ജീവിപ്പിച്ചാണ് തിരികെ മടങ്ങുന്നത്.
എല്ലാ ഹാജിമാരുടെയും പ്രാര്‍ഥനകളില്‍ നാടിനെയും ഉള്‍പ്പെടുത്തണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."