വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് അഭിനവ് ബിന്ദ്ര
ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര അന്താരാഷ്ട്ര ഷൂട്ടിങ് മത്സരങ്ങളില്‍ നിന്നു വിരമിച്ചു. ദേശീയ റൈഫിള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ബിന്ദ്ര ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. റിയോ ഒളിംപിക്‌സില്‍ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും നേരിയ വ്യത്യാസത്തിലാണ് ബിന്ദ്രയ്ക്ക് മെഡല്‍ നഷ്ടമായത്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലാണ് ബിന്ദ്ര വ്യക്തിഗത ഷൂട്ടിങില്‍ സ്വര്‍ണം നേടിയത്.
ഷൂട്ടിങിനോട് വിടപറയാന്‍ സമയമായി. ഇനി യുവ തലമുറ ഇന്ത്യയെ നയിക്കട്ടെയെന്ന് ബിന്ദ്ര വ്യക്തമാക്കി. വിരമിക്കല്‍ വിഷമമേറിയ കാര്യമാണ്. പക്ഷേ ഇതാണ് ശരിയായ സമയം. റിയോയില്‍ നാലാംസ്ഥാനമാണ് ലഭിച്ചത്. മെഡല്‍ നേടാന്‍ സാധിച്ചില്ലെങ്കിലും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന മത്സരമാണത്. രണ്ടു ദശാബ്ദത്തോളം ഇന്ത്യക്കു വേണ്ടി കളിച്ചതില്‍ അഭിമാനമുണ്ട്. ദേശീയ റൈഫിള്‍ അസോസിയേഷന്‍ കരിയറിന്റെ ഓരോ ഘട്ടത്തിലും സഹായിച്ചിരുന്നു. തന്നെ മാത്രമല്ല ഓരോ ഷൂട്ടര്‍മാരെയും അസോസിയേഷന്‍ വളര്‍ത്തി കൊണ്ടു വന്നു. ഇക്കാര്യത്തില്‍ അസോസിയേഷനോട് കടപ്പാടുണ്ടെന്നും ബിന്ദ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം റിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ പറ്റി വിലയിരുത്താന്‍ നിയമിച്ച റിവ്യു കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതലായൊന്നും പറയാന്‍ സാധിക്കില്ലെന്ന് ബിന്ദ്ര പറഞ്ഞു. പക്ഷേ താരങ്ങളുടെ പ്രകടനത്തെ പറ്റി അന്വേഷിക്കുന്നതിനു പകരം ഇനി വരുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താനാണു ശ്രദ്ധിക്കേണ്ടതെന്നും ബിന്ദ്ര വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."