മാണിക്കും കുരുക്കു മുറുകും; രാഷ്ട്രീയ നിലനില്‍പ് ഭീഷണിയിലാകും
തിരുവനന്തുപുരം: കെ. ബാബുവിനു പിറകെ കെ.എം മാണിക്കും കുരുക്കു മുറുകുമെന്ന് ഉറപ്പായി. മാണിക്കെതിരായ വിജിലന്‍സ് നീക്കങ്ങള്‍ ഒട്ടും വൈകാതെ ആരംഭിക്കുമെന്നാണ് സൂചന. യു.ഡി.എഫ് വിട്ട് എങ്ങുമെത്താതെ നില്‍ക്കുന്നതിനാല്‍ കൂടെ നില്‍ക്കാന്‍ മറ്റു രാഷ്ട്രീയ കക്ഷികളൊന്നുമില്ലാത്ത സാഹചര്യത്തില്‍ വന്നുവീഴുന്ന കുരുക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നിലനില്‍പിനു തന്നെ ഭീഷണി സൃഷ്ടിക്കാനിടയുണ്ട്.
ബാബുവിന്റെ വീട്ടില്‍ നടന്ന റെയ്ഡ് വലിയ വാര്‍ത്താപ്രാധാന്യം നേടിയിട്ടും യു.ഡി.എഫ് ചേരിയില്‍ നിന്ന് കാര്യമായ പിന്തുണ അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. ബാബുവിനെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും എം.എം ഹസ്സനും പ്രസ്താവിച്ചതില്‍ ഒതുങ്ങുന്നു പാര്‍ട്ടിയില്‍ നിന്നുള്ള പിന്തുണ. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനോ മുന്നണിയിലെ മറ്റു ഘടകകക്ഷികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ രാഷ്ട്രീയ സാഹചര്യം ഇടതു സര്‍ക്കാരിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ്.
ബാര്‍കോഴക്കേസില്‍ മാണിക്കെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിനു നിര്‍ദേശിച്ചത് ഈയിടെയാണ്. മറ്റൊരു കേസില്‍ മൂവാറ്റുപുഴ കോടതി നിര്‍ദേശിച്ചതനുസരിച്ച് എഫ്.ഐ.ആര്‍ വന്നിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മാണിയെ വിട്ട് ബാബുവിനെതിരേ മാത്രം നീങ്ങിയാല്‍ അത് വിജിലന്‍സിനെതിരേ ആരോപണങ്ങള്‍ക്കു വഴിയൊരുക്കും. മാണിയെ സംരക്ഷിക്കുന്നു എന്ന ആരോപണം സര്‍ക്കാരിനു നേരെ ഉയരുകയും ചെയ്യും. അതൊഴിവാക്കാന്‍ മാണിക്കെതിരായ അന്വേഷണം ഊര്‍ജിതമാക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ്.
യു.ഡി.എഫ് വിടുകയും മുന്നണിക്കെതിരേ കടുത്ത ആരോപണങ്ങളുന്നയിക്കുകയും ചെയ്തു നില്‍ക്കുന്ന മാണിക്കുവേണ്ടി സംസാരിക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു പുറത്തുനിന്ന് ആരുമുണ്ടാവില്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്. മാണിക്കെതിരായ നടപടിക്കെതിരേ യു.ഡി.എഫ് രംഗത്തുവരില്ല. എല്‍.ഡി.എഫില്‍ നിന്നും സഹായം പ്രതീക്ഷിക്കേണ്ടതില്ല. അഴിമതിക്കേസില്‍ അദ്ദേഹത്തെ പിന്തുണച്ചെന്ന പേരുദോഷമുണ്ടാക്കാന്‍ ബി.ജെ.പിയും ഇപ്പോള്‍ തയാറല്ലെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (എം) പോലും പൂര്‍ണമായി മാണിക്കൊപ്പം നില്‍ക്കാനിടയില്ല. യു.ഡി.എഫ് വിട്ടതില്‍ എതിര്‍പ്പുള്ള ഒരു വിഭാഗം മാണിയുമായി നല്ല സ്വരച്ചേര്‍ച്ചയിലല്ല. അന്വേഷണം പുരോഗമിക്കുകയും മാണിക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഇവര്‍ ഇടയാന്‍ സാധ്യത ഏറെയാണ്. രാഷ്ട്രീയമായി വലിയൊരു ഒറ്റപ്പെടലായിരിക്കും ഇതുവഴി അദ്ദേഹത്തിനു സംഭവിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."