മലയാളികളുടെ ആഘോഷ അവധിദിനങ്ങള്‍ റെയില്‍പാളങ്ങളില്‍ കുടുങ്ങും
തിരുവനന്തപുരം: ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ഓണം, ബലിപെരുന്നാള്‍ ആഘോഷ അവധിദിനങ്ങളുടെ നല്ലൊരു പങ്ക് റെയില്‍പാളങ്ങളില്‍ കുടുങ്ങും. കറുകുറ്റിയിലെ ട്രെയിന്‍ പാളംതെറ്റലിനെ തുടര്‍ന്നു പാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വൈകിയോടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ നാട്ടിലേക്കുള്ള വരവും തിരിച്ചുപോക്കും ദുരിതപൂര്‍ണമാക്കും.
ഒരാഴ്ച മുന്‍പ് കറുകുറ്റിയില്‍ മംഗലാപുരം എക്‌സ്പ്രസ് പാളംതെറ്റിയതിനെ തുടര്‍ന്നുണ്ടായ ട്രെയിനുകളുടെ സമയക്രമംതെറ്റി ഓട്ടം തുടരുകയാണ്. അപകടത്തെ തുടര്‍ന്നുണ്ടായ പരിശോധനയില്‍ ഷൊര്‍ണൂരിനും തിരുവനന്തപുരത്തിനുമിടയില്‍ പാളത്തില്‍ 200ലേറെ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. ഉടന്‍തന്നെ അറ്റകുറ്റപ്പണി ആരംഭിക്കുകയും ചെയ്തു. പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വേഗത കുറച്ചാണ് വണ്ടികള്‍ കടത്തിവിടുന്നത്. ഇതുകാരണം ദീര്‍ഘദൂര വണ്ടികളെല്ലാം മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.
വടക്കാഞ്ചേരി മുതല്‍ കറുകുറ്റി വരെ അപകടഭീഷണിയുള്ള പാളങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലി ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഇതു തീരാന്‍ മൂന്നാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് സൂചന. ഇതിനിടയിലാണ് ആഘോഷ അവധിദിനങ്ങള്‍ വരുന്നത്. ട്രെയിനുകള്‍ കൂടുതല്‍ വൈകാനിടയുള്ള ഈ കാലയളവില്‍ ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പാസഞ്ചര്‍ സര്‍വിസുകളായിരിക്കും അധികവും റദ്ദാക്കുക. ആഘോഷവേളയിലെ തിരക്കു കണക്കിലെടുത്ത് പതിവുപോലെ ഇത്തവണയും റെയില്‍വേ ഇതരസംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളിലേക്കു പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അങ്കമാലി അപകടം നടക്കുന്നതിനു മുന്‍പുതന്നെ ഇതു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മലയാളി യാത്രക്കാരുടെ തിരക്കു കൂടുതലുള്ള ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിലേക്കെല്ലാം പ്രത്യേക സര്‍വിസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ പാളത്തിലെ തടസം കാരണം ഇതുമൂലമുള്ള സൗകര്യം പൂര്‍ണമായി ലഭിക്കാതെ പോകുകയാണ്. നിലവിലുള്ള ട്രെയിനുകള്‍ തടഞ്ഞുനില്‍ക്കുന്ന ഈ പാളങ്ങളിലേക്ക് അവധിക്കാല പ്രത്യേക ട്രെയിനുകള്‍കൂടി എത്തുന്നതോടെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം കൂടുതല്‍ സങ്കീര്‍ണമാവാനാണ് സാധ്യത.
ഇതിനിടയില്‍ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയില്‍ ഇരട്ടിപ്പിച്ച പാളത്തിന്റെ കമ്മിഷനിങ് ശനിയാഴ്ച നടന്നിട്ടുണ്ട്. ഈ മേഖലയില്‍ ഇതുവരെ തുടര്‍ന്നുവന്ന തടസങ്ങള്‍ക്കു ഇതോടെ ആശ്വാസമാകുകയാണ്. ഈ മേഖലയില്‍ ട്രെയിനുകളുടെ സമയലാഭത്തിനു വഴിയൊരുങ്ങിയെങ്കിലും അത് അടുത്ത ദിവസങ്ങളിലൊന്നും അനുഭവപ്പെടാനിടയില്ല. മറ്റിടങ്ങളില്‍ നടക്കുന്ന പാളത്തിലെ അറ്റകുറ്റപ്പണികള്‍ സൃഷ്ടിക്കുന്ന തടസങ്ങള്‍മൂലം വൈകിയെത്തുന്ന ട്രെയിനുകള്‍ തല്‍ക്കാലം ഇവിടെയും സമയനഷ്ടം സൃഷ്ടിക്കുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."