വിലക്കയറ്റത്തില്‍ ആശ്വാസമായി ഓണം ബക്രീദ് ചന്തകള്‍ക്ക് തുടക്കം
വടക്കാഞ്ചേരി: ഓണവും, ബക്രീദും ആഹ്ലാദകരമാക്കാന് വിപണിയില്‍ വിലക്കുറവിന്റെ മഹാമേളയുമായി വടക്കാഞ്ചേരിയില്‍ ഓണം ബക്രീദ് ചന്തകള്‍ക്ക് തുടക്കമായി. ബ്ലോക്ക് വിവിധോദ്ദേശ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകള്‍ വടക്കാഞ്ചേരിയിലും തെക്കുംകരയിലും വേലൂരിലും, മുണ്ടത്തിക്കോടും പ്രവര്‍ത്തനമാരംഭിച്ചു.
വടക്കാഞ്ചേരി ഹെഡ് ഓഫിസിനോട് ചേര്‍ന്ന് ആരംഭിച്ച ഓണവിപണിയുടെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന് നിര്‍വഹിച്ചു. സി.എ ശങ്കരന് കുട്ടി അധ്യക്ഷനായി. കൗണ്‍സിലര്‍ പ്രസീത സുകുമാരന്‍ ആദ്യ വില്പന നടത്തി. സപ്ലൈകോയുടെ ചന്ത ഇന്ന് രാവിലെ 10.30 ന് അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇത്തവണ പാലസ് റോഡിലെ ആര്യാസ് ടവറിലാണ് ചന്ത പ്രവര്‍ത്തിക്കുക. നിത്യോപയോഗ സാധനങ്ങളും, ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറി ഉല്പന്നങ്ങളും ചന്തയില്‍ നിന്ന് ലഭിക്കും. ഈ മാസം 13 വരെ ചന്ത നീണ്ടുനില്‍ക്കും.
പഞ്ചസാര 22, പരിപ്പ് 65, പയര്‍ 45, കടല 43, ഉഴുന്ന് 66, ചെറുപയര്‍ 74, മുളക് 75, മല്ലി 92, കുറുവ അരി 25, പച്ചരി 24, ലിറ്റര്‍ വെളിച്ചെണ്ണ 90, അര ലിറ്റര്‍ 46 എന്നിങ്ങനെയാണ് വില.
കുന്നുംകുളത്തും, ചേലക്കരയിലും വെള്ളിയാഴ്ച മുതലാണ് ഓണം ബക്രീദ് ചന്തകള്‍. കുന്നുംകുളത്ത് രാവിലെ 10.30 ന് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളില്‍ സഹകരണ മന്ത്രി എ.സി മൊയ്തീനും ചേലക്കരയിലെ ചന്ത യു.ആര് പ്രദീപ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. ചേലക്കരയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ചന്ത പ്രവര്‍ത്തിക്കുക. കണ്‍സ്യൂമര്‍ ഫെഡിന്റേയും, ഹോര്‍ട്ടി കോര്‍പ്പിന്റേയും സഹകരണത്തോടെ വടക്കാഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തുന്ന താലൂക്ക് തല ഓണചന്ത ഓട്ടുപാറ ബസ് സ്റ്റാന്റ് പരിസരത്ത് ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും.
രാവിലെ ഒമ്പതിന് പി.കെ ബിജു എം.പി ഉദ്ഘാടനം ചെയ്യും. സബ്സിഡി നിരക്കില്‍ പതിനൊന്ന് പലവ്യഞ്ജനങ്ങള്‍ പ്രതിദിനം നൂറ് പേര്‍ക്കാണ് വിതരണം ചെയ്യുക. ആദ്യമെത്തുന്നവര്‍ക്കാണ് ടോക്കണ്‍ ലഭിക്കുകയെന്ന് ബാങ്ക് പ്രസിഡന്റ് എന്‍.ടി ബേബി, കെ.പി മദനന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."