നടക്കാവ് മേല്‍പ്പാലം: മണ്ണ് പരിശോധന തുടങ്ങി
അകത്തേത്തറ: നടക്കാവ് റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി മണ്ണിന്റെ ബലക്ഷമതാ പരിശോധന തുടങ്ങി. എറണാകുളത്തെ ജിയോ ഫൗണ്ടേഷന്‍ എന്ന സ്വകാര്യകമ്പനിയെയാണ് മണ്ണ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണച്ചുമതലയുള്ള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ തുടര്‍നടപടി സ്വീകരിക്കുക. ബുധനാഴ്ച മുതല്‍ ഓരോ തട്ടിലേയും മണ്ണിന്റെ സാമ്പിള്‍ ശേഖരിക്കുന്ന ജോലിയാണ് തുടങ്ങിയത്. നൂറു മീറ്റര്‍ വരെ താഴ്ചയില്‍ മണ്ണെടുക്കേണ്ടിവരുമെന്ന് ജിയോ ഫൗണ്ടേഷന്‍ സൂപ്പര്‍ വൈസര്‍ ജെയ്‌മോന്‍ പറഞ്ഞു.
മണ്ണ്, പാറ എന്നിവയുടെ ഉറപ്പ് പരിശോധിക്കുന്ന ജോലിയാണ് കമ്പനി നിര്‍വഹിക്കുക. ശബരി ആശ്രമം മുതല്‍ ആണ്ടിമഠം വരെയുള്ള ഭാഗത്തെ മണ്ണാണ് പരിശോധിക്കുന്നത്. ഇതിന്റെ സാമ്പിള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചാണ് പരിശോധിക്കുക.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അകത്തേത്തറ നടക്കാവില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാന്‍ തുക അനുവദിച്ചത്. ദിവസേന നൂറുകണക്കിന് ട്രെയിനുകള്‍ കടന്നുപോകുന്ന പ്രധാന ട്രാക്കിനു കുറുകെയാണ് നടക്കാവിലെ റെയില്‍വേ ഗേറ്റ്.
മിക്ക സമയങ്ങളിലും ഇവിടെ ഗേറ്റ് അടച്ചിടേണ്ടിവരും. ജില്ലാ ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ ഗേറ്റില്‍ കുടുങ്ങുന്നതിനാല്‍ നിരവധി രോഗികള്‍ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അപകടങ്ങളും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."