റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു
ഔറംഗാബാദ് (ബിഹാർ):ബിഹാറിലെ ഔറംഗാബാദിൽ നടന്ന സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. നാല് മക്കൾക്ക് വിഷം കൊടുത്ത ശേഷം ഒരു 40 കാരിയായ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുകയാണ് റഫിഗഞ്ച് റെയിൽവെ സ്റ്റേഷനിലാണ് ദാരുണമായ ഈ സംഭവം ഉണ്ടായത്.
വിഷം കഴിച്ചതിനെ തുടർന്ന് മൂന്ന് പെൺകുട്ടികൾ മരിച്ചപ്പോൾ അമ്മയും ആറ് വയസ്സുള്ള മകനും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അഞ്ച് വയസുള്ള സൂര്യമണി കുമാരി, മൂന്ന് വയസുള്ള രാധാ കുമാരി, ഒരു വയസുള്ള ശിവാനി കുമാരി എന്നിവർ ദാരുണമായി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
40 കാരിയായ സോണിയ ദേവിയും മകൻ റിതേഷ് കുമാറുമാണ് ഹോസ്പിറ്റലിൽ ചികിത്സയിലുള്ളത്. റഫിഗഞ്ച് റെയിൽവെ സ്റ്റേഷനിൽ ബോധരഹിതരായി കിടക്കുന്ന ഇവരെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇൻസ്പെക്ടർ റാം സുമേർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസും സഹായ സംഘങ്ങളും ചേർന്ന് എല്ലാവരെയും ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
യുവതിയും ഭർത്താവും തമ്മിൽ നേരത്തെ കുടുംബ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. ഇത് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉൾപ്പെടുന്നതായും, വിശദമായ അന്വേഷണം തുടരുന്നുവെന്നും റഫിഗഞ്ച് പൊലീസ് എസ്‌എച്ച്ഒ ശംഭു കുമാർ അറിയിച്ചു.മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ ലഭിച്ചശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."