വിദ്യാര്‍ഥികളില്‍ അകക്കണ്ണിന്റെ വെളിച്ചം തെളിച്ച് തമ്പാന്‍ മാഷ്
ചെറുവത്തൂര്‍: മനസിനുള്ളില്‍ അണയാതെ കത്തുന്ന അറിവിന്റെ അഗ്നിയുണ്ട് തമ്പാന്‍ മാസ്റ്ററുടെ ഉള്ളില്‍. ചുറ്റിലും ഇരുള്‍ നിറഞ്ഞിട്ടും 20 കിലോമീറ്റര്‍ താണ്ടി മാസ്റ്റര്‍ അക്ഷരവെളിച്ചം പകരാനെത്തുന്നത് അതുകൊണ്ടാണ്. രാവണേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യു.പി വിഭാഗം അധ്യാപകനാണ് കാടങ്കോട് സ്വദേശിയായ ഇദ്ദേഹം.
സ്‌കൂളിലും ക്യാംപുകളിലുമെല്ലാം പഠിപ്പിച്ചും കഥപറഞ്ഞും പാട്ടുപാടിയും വ്യത്യസ്തനാകുന്ന തമ്പാന്‍ മാഷിന് കുട്ടികളുടെ മനസിലും വലിയഇടമുണ്ട്. രണ്ടര വയസില്‍ ഇദ്ദേഹത്തിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുത്തിയത് നാട്ടുവൈദ്യന്റെ കൈപ്പിഴയാണ്. നിശാന്ധത മാറ്റാന്‍ നല്‍കിയ മരുന്ന് കണ്ണുകളില്‍ ഇരുട്ടാണ് വീഴ്ത്തിയത്. എന്നാല്‍ വിധിയെ പഴിച്ചു തളര്‍ന്നിരിക്കാന്‍ ഇദ്ദേഹം തയാറായില്ല. പഠിച്ചു മുന്നേറി കണ്ണൂര്‍ ഗവ.ടി.ടി.ഐ യില്‍ നിന്നും അധ്യാപക യോഗ്യത നേടി. മുപ്പത്തിയാറാം വയസില്‍ ജോലിയില്‍ പ്രവേശിച്ചു.
മനസില്‍ കുറിച്ചിട്ട വഴികളിലൂടെയുള്ള ഇദ്ദേഹത്തിന്റെ വിദ്യാലയയാത്ര എല്ലാവര്‍ക്കും വിസ്മയമാണ്. ബസുകളില്‍ കയറാന്‍ മാത്രം പരസഹായം തേടും. വിദ്യാലയത്തിലെ എല്ലാവഴികളും മനസിനുള്ളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ബോര്‍ഡില്‍ എഴുതിതന്നെ കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ ടോക്കിങ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് അധ്യാപനം. പാഠഭാഗങ്ങള്‍ പാട്ടുകളാക്കി പഠിപ്പിക്കുന്ന രീതിയും തമ്പാന്‍ മാസ്റ്റര്‍ക്കുണ്ട്. വിദ്യാലയത്തില്‍ കുട്ടികള്‍ ആലപിക്കുന്ന പ്രാര്‍ഥനയും ഇദ്ദേഹം എഴുതിയതാണ്.
അവധിദിവസങ്ങളില്‍ കുട്ടികളുടെ ക്യാംപുകളില്‍ സജീവമാകും. ഭാര്യ ബിന്ദു മക്കളായ ആശ്വാസ്, അനഘ എന്നിവരാണ് തന്റെ ശക്തിയെന്ന് തമ്പാന്‍ മാസ്റ്റര്‍ പറയുന്നു. ഈ വരുന്ന മാര്‍ച്ചില്‍ സര്‍വിസില്‍ നിന്നും വിരമിക്കുകയാണ് ഇദ്ദേഹം. ചെറിയ വൈകല്യങ്ങളില്‍ പോലും തളര്‍ന്നിരിക്കുന്നവര്‍ക്ക് മുന്നില്‍ മനസുറപ്പിന്റെ നല്ല പാഠപുസ്തകമായി മാറിയിരിക്കുകയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."