പ്രതീക്ഷകള്‍ക്ക് പുതുജീവനേകി മലയോര ഹൈവേ നാലു മാസത്തിനകം പ്രാഥമിക പ്രവര്‍ത്തനം ആരംഭിക്കും
കല്‍പ്പറ്റ: മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ (എസ്.എച്ച്-59) നിര്‍മിക്കാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ പദ്ധതി രൂപീകരിച്ചതോടെ വയനാട്ടുകാര്‍ക്ക് പ്രതീക്ഷയുടെ ചിറകു മുളക്കുന്നു. കാസര്‍ഗോഡ് നന്ദാരപടവില്‍ നിന്നാരംഭിച്ച് തിരുവനന്തപുരം ജില്ലയിലെ പാറശാലയില്‍ അവസാനിക്കുന്ന രീതിയില്‍ ആലപ്പുഴ ഒഴികെയുള്ള കേരളത്തിലെ 13 ജില്ലകളിലെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നന്ദാരപടവില്‍ നിന്ന് ചിറ്റാരിക്കല്‍ വഴി കണ്ണൂരിലെത്തി കൊട്ടിയൂര്‍ വഴിയാണ് വയനാട്ടില്‍ പ്രവേശിക്കുക. ജില്ലയില്‍ 96 കിലോമീറ്ററാണ് റോഡിന്റെ നീളം.
ബോയ്‌സ് ടൗണ്‍, മാനന്തവാടി, നാലാംമൈല്‍, അഞ്ചുകുന്ന്, പനമരം, കൈനാട്ടി, കല്‍പ്പറ്റ, കാപ്പംകൊല്ലി, മേപ്പാടി, ചൂരല്‍മല, അട്ടമലയിലൂടെ മലപ്പുറം ജില്ലയിലെ അരുണപ്പുഴയിലെത്തും. അട്ടമലയില്‍ നിന്നും അരുണപുഴ വരെ രണ്ട് കിലോമീറ്റര്‍ ദുരം എസ്‌റ്റേറ്റ് റോഡും അരുണപ്പുഴയില്‍ നിന്ന് നിലമ്പൂര്‍ തലപ്പാടി വരെ കൂപ്പ് റോഡുമണ്ട്. ഈ ഭാഗം ഗതാഗതയോഗ്യമാക്കിയാല്‍ രണ്ട് ജില്ലകളിലേക്കുമുള്ള ഗതാഗതം എളുപ്പമാകും. മലയോര ഹൈവേയും തീരദേശ ഹൈവേയും നിര്‍മിക്കുന്നതിനായി 10,000 രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാലുമാസത്തിനുള്ളില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് തീരുമാനം.
തീര്‍ത്തും ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന വയനാടിനെ ഇതര ജില്ലകളുമായി ബന്ധിപ്പിക്കുന്നതിന് മലയോര ഹൈവേ സഹായകമാകും. ഇതര ജില്ലകളിലേക്ക് എളുപ്പമെത്തുകയും ദൂരവും സമയവും ലാഭിക്കുകയും ചെയ്യാം. നാടുകാണി ചുരത്തിനും താമരശ്ശേരി ചുരത്തിനുമുള്ള ബദല്‍ മാര്‍ഗവുമായി പാത ഉപകരിക്കും. ഹൈവേ യാഥാര്‍ഥ്യമായാല്‍ വയനാട് ജില്ലയില്‍ നിന്നും നിലമ്പൂരിലേക്ക് 58 കിലോമീറ്റര്‍ ദൂരം കുറയും. ടൂറിസം മേഖലയിലും വന്‍നേട്ടമാണ് വയനാടിനുണ്ടാവുക. 2002- ലാണ് അത്തെ സര്‍ക്കാര്‍ മലയോര ഹൈവേ പ്രഖ്യാപിച്ചത്. 1332 കിലോമീറ്റര്‍ പദ്ധതിയെ കുറിച്ച് വിശദമായ പഠനം നടത്താന്‍ സര്‍ക്കാര്‍ നാറ്റ്പാകിനെ ചുമതലപ്പെടുത്തിയിരുന്നു. 2009 മെയ് 31ന് നാറ്റ്പാക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സര്‍ക്കാര്‍ പദ്ധതി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പദ്ധതി നീര്‍ജീവാവസ്ഥയിലായിരുന്നു. നിലവില്‍ കണ്ണൂരിലും മലപ്പുറത്തുമാണ് ചെറിയ തോതിലെങ്കിലും പ്രവര്‍ത്തനം നടന്നിട്ടുള്ളത്. വയനാട്ടില്‍ മലയോര ഹൈവേക്കായി യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."