ആശുപത്രി മാലിന്യം ദേശീയപാതയില്‍ തള്ളി; നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു
നായിക്കട്ടി: ആശുപത്രി മാലിന്യം റോഡില്‍ തള്ളിയ ലോറി നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടെ സുല്‍ത്താന്‍- നായിക്കട്ടിക്ക് സമീപം ചിത്രാക്കരയിലാണ് സംഭവം.
എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങളാണ് രണ്ടു ലോറികളിലായി എത്തിച്ച് ദേശീയപാത 212ലെ പാതയോരത്ത് തള്ളിയത്. സംഭവുമായി ബന്ധപെട്ട് തെലുങ്കാന സ്വദേശികളായ അട്‌ലൂരി ശിവസതീഷ്(25), വിഷ്ണു(22), പഞ്ചാബ് ഗുരുദാസ്പൂര് സ്വദാശികളായ ബല്‍വന്ദ്‌സിംഗ്(33), ഗുരുനാംസിംഗ്(24), ജോണ്‍(20) എന്നിവരെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു.
രണ്ടു ലോറികളും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വലിയചാക്കുകളിലാക്കി രണ്ട് ലോറികളിലായാണ് മാലിന്യം കൊണ്ടുവന്നത്. മാലിന്യം തള്ളിയതോടെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ് ഉണ്ടായത്. ഇതുവഴി പോയ രണ്ട് കാല്‍നടയാത്രക്കാരാണ് മാലിന്യം തള്ളുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിരിക്കുകയായിരുന്നു. ഇതിനിടെ ഒരു ലോറി മാലിന്യം ഇറക്കി ബത്തേരി ഭാഗത്തേക്ക് പോയി. ഇതറിഞ്ഞ നാട്ടുകാര്‍ ഇരുചക്രവാഹനത്തില്‍ പിന്‍തുടര്‍ന്ന് പിടികൂടിയാണ് ലോറിയും ഡ്രൈവറേയും ക്ലീനറേയും പൊലിസിലേല്‍പ്പിച്ചത്. സംഭവം അറിഞ്ഞ് ജനപ്രതിനിധികള്‍, പൊലിസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി.
മാലിന്യം ഇറക്കികൊണ്ടിരുന്ന രണ്ടാമത്തെ ലോറിയിലെ ഡ്രൈവറേയും സഹായിയേയും പൊലിസ് കസ്റ്റഡിയിലെടുത്തു. പൊതുജനാരോഗ്യത്തിനും വന്യമൃഗങ്ങള്‍ക്കും ദോഷകരമാകുന്ന ആശുപത്രി മാലിന്യം തള്ളിയെതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മാലിന്യം ഉറവിടത്തില്‍ തന്നെ തള്ളണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് റോഡില്‍ തള്ളിയ മാലിന്യം ജെ.സി.ബി ഉപയോഗിച്ച് ലോറിയില്‍ തിരികെ കയറ്റി.
അതേ സമയം ആശുപത്രി മാലിന്യം കയറ്റിവന്ന ലോറികള്‍ ആദ്യം അതിര്‍ത്തിയലെ നാലു ചെക്ക്‌പോസ്റ്റുകള്‍ കടന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കുകയും മൂലഹള്ളയില്‍ വെച്ച് കര്‍ണാടക ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടി മടക്കി അയക്കുകയുമായിരുന്നു.
രണ്ടു ലോറികളും വീണ്ടും അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റ് മറികടന്നാണ് വനാതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ദേശിയപാതയോരത്ത് മാലിന്യം തള്ളിയത്. ലോറികള്‍ കടത്തിവിട്ട ചെക്ക്‌പോസ്റ്റ് അധികൃതര്‍ക്കെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."