നേര്‍വഴിയിലെ അടയാളങ്ങള്‍ ..... ഇന്ന് അധ്യാപക ദിനം
മലയാള മധുരം നിറച്ച് പള്ളിയത്ത് മാഷ്
പാട്ടുകള്‍ പാടിയും, കഥകള്‍ പറഞ്ഞും, കളിപ്പിച്ചും മലയാള ഭാഷയുടെ മാധുര്യം പകര്‍ന്ന് കുട്ടികള്‍ക്കിടയിലൂടെ തന്റെ യാത്ര തുടരുകയാണ് കൃഷ്ണകുമാര്‍ പള്ളിയത്ത്. ഉദിനൂര്‍ കിനാത്തില്‍ സ്വദേശിയും, ഹേരൂര്‍ ജി.ബി.എല്‍.പി.എസ് അധ്യാപകനുമാണ് ഇദ്ദേഹം. 20 വര്‍ഷം മുന്‍പാണ് മാതൃഭാഷയുടെ മഹത്വം കുട്ടികളിലെത്തിക്കാനുള്ള തന്റെ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. ഇപ്പോള്‍ കേരളത്തിനകത്തും, പുറത്തുമായി നൂറുകണക്കിന് വേദികളില്‍ മലയാള മധുരവുമായി പള്ളിയത്ത് മാഷ് കുട്ടികള്‍ക്കൊപ്പം കൂടിക്കഴിഞ്ഞു. ആദ്യം കുട്ടിപ്പാട്ടുകള്‍, പിന്നെ കഥകളുടെ ലോകം, അതുകഴിഞ്ഞാല്‍ കടങ്കഥകളും ഭാഷാകേളികളും അവസാനം കുട്ടികളുടെതായി കുറച്ച് സര്‍ഗാത്മക സൃഷ്ടികള്‍ ....ഇതാണ് ക്യാംപുകളില്‍ മാഷിന്റെ രീതി. 'അമ്മ മലയാളം, നല്ല മലയാളം' എന്നതാണ് തന്റെ ഭാഷാ ക്ലാസ്സിന് പള്ളിയത്ത് മാഷ് നല്‍കിയിരിക്കുന്ന പേര്. കുട്ടികള്‍ക്ക് മുന്നില്‍ പാടുന്ന പാട്ടുകളില്‍ മിക്കതും ഇദ്ദേഹം തന്നെ എഴുതിയതാണ്. നല്ലൊരു അഭിനേതാവും, മികച്ച കഥാപ്രസംഗ കലാകാരനും കൂടിയാണ് കൃഷ്ണകുമാര്‍ പള്ളിയത്ത്. പ്രവേശനോത്സവ ദിനത്തില്‍ കുട്ടികളെ വരവേറ്റ നിരവധി പ്രവേശനോത്സവ ഗാനങ്ങളും ഇദ്ദേഹത്തിന്റെതായുണ്ട്.
പഠിക്കാം പാവകളിക്കാം
കയ്യില്‍ കുറേ പാവകളുമായാണ് പ്രമോദ് അടുത്തിലയുടെ വരവ്. ആയിരക്കണക്കിന് കുട്ടികളെ പാവനിര്‍മാണത്തിന്റെയും പാവനാടകത്തിന്റെയും വഴികളിലേക്ക് കൈപിടിച്ച്നടത്തിക്കഴിഞ്ഞു ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്‌കൂള്‍ അധ്യാപകനായ ഇദ്ദേഹം. 1991 ലായിരുന്നു തുടക്കം. അന്ന് മുതല്‍ എവിടെ പോകുമ്പോഴും മാഷിന്റെ കയ്യിലെ ബാഗില്‍ നിറയെ പാവകളുണ്ടാകും. കുട്ടിക്കൂട്ടങ്ങള്‍ക്ക് അവയെ നല്‍കി അതിന്റെ നിര്‍മാണരീതി പഠിപ്പിച്ച് അവരെകൊണ്ട് നാടകം കളിപ്പിക്കുന്നതാണ് പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ പ്രമോദ് അടുത്തിലയുടെ രീതി. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലധികം പാവനിര്‍മാണ, പാവനാടക ശില്‍പശാലകള്‍ക്ക് ഈ അധ്യാപകന്‍ നേതൃത്വം നല്‍കി കഴിഞ്ഞു. ഡല്‍ഹി കള്‍ച്ചറല്‍ ആന്‍ഡ് റിസോഴ്‌സ് സെന്ററില്‍ നിന്നാണ് പാവനാടകത്തില്‍ പരിശീലനം നേടിയത്. ഇപ്പോള്‍ അവിടുത്തെ അധ്യാപക പരിശീലകനായി ഇദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. പുതിയ ബോധന രീതിയില്‍ പാവകളും പാവനാടകങ്ങളും അവിഭാജ്യഘടകങ്ങളായി മാറിക്കഴിഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു.
ദിനേശ് കുമാറിന്റെ വിസ്മയ 'ശാസ്ത്രം'
ദിനേശ് കുമാര്‍ തെക്കുമ്പാട് എന്ന അധ്യാപകന്റെ ശാസ്ത്രപരീക്ഷണങ്ങളും, ശാസ്ത്രം ജനകീയമാക്കിയുള്ള അദ്ദേഹത്തിന്റെ യാത്രയും വിസ്മയമാണ്. പരീക്ഷണ മുറികളില്‍ ഒതുങ്ങാതെ, സഞ്ചരിക്കുന്ന ശാസ്ത്ര ലൈബ്രറി എന്ന ആശയത്തിലൂടെയാണ് ഇദ്ദേഹം കുട്ടികളില്‍ ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നത്. ആയിരം വേദികള്‍ പിന്നിട്ടിരിക്കുകയാണ് ഇദ്ദേഹത്തിന്റെ ശാസ്ത്ര പരീക്ഷണക്കളരി. ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ നിറച്ച് വീടുതന്നെ ഒരു ലാബ് ആക്കി മാറ്റിയിട്ടുണ്ട് ദിനേശ് കുമാര്‍. വിവിധ ശാസ്ത്ര പഠന മേഖലകളെ കുട്ടികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് പരീക്ഷണങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് രീതി. ശാസ്ത്രീയമനോഭാവവും സഹജീവി സ്‌നേഹവും വളര്‍ത്താന്‍ സാധിക്കുന്നു എന്നുള്ളതാണ് ഈ യാത്ര കൊണ്ടുള്ള സന്തോഷമെന്ന് തൃക്കരിപ്പൂര്‍ തെക്കുമ്പാട് സ്വദേശിയായ ഇദ്ദേഹം പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി അധ്യാപകര്‍ക്കുള്ള സംസ്ഥാനതല ശാസ്ത്രമേളകളില്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. സംസ്ഥാന ശാസ്ത്രമേളയില്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള നിരവധി കുട്ടികളെ ഇദ്ദേഹം വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.
കായിക മേഖലക്ക് അശോകന്‍ ടച്ച്
തൃക്കരിപ്പൂര്‍: കായിക മേഖലക്ക് സമര്‍പ്പിതനായ കായിക അധ്യാപകനാണ് ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.പി അശോകന്‍. അര്‍ഹതക്കുള്ള അംഗീകാരവും. കാല്‍പന്തുകളിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി ജില്ലയിലെ നിരവധി വിദ്യാര്‍ഥികളെ മികച്ച താരങ്ങളാക്കി മറ്റിയെടുത്ത് സ്‌കൂളിനെ ദേശീയ സംസ്ഥാന തലങ്ങളിലേക്ക് ശ്രദ്ധേയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അധ്യാപകനാണ് പി.പി അശോകന്‍. സ്‌കൂളിനെ കായിക വളര്‍ച്ചക്കും മികച്ച സംഘാടകനും എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം ഇക്കുറി അശോകനെ തേടിയെത്തിയത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കായിക രംഗത്തു പ്രവര്‍ത്തിക്കുന്ന അശോകന്‍ 2009 മുതലാണ് ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായികാധ്യാപകനായെത്തുന്നത്. സ്‌കൂള്‍ മിനി സ്റ്റേഡിയം നവീകരണം, വിഷന്‍ ഇന്ത്യ, ഡേ ബോര്‍ഡിങ് സ്‌കീം, സൈക്കിള്‍ പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ അശോകന്റെ കീഴില്‍ ആരംഭിച്ചത്. അന്‍പതിലധികം ഫുട്‌ബോള്‍ താരങ്ങളെ സംസ്ഥാന ടീമുകളില്‍ അര്‍ഹത നേടികൊടുക്കുന്നതിന് പ്രാപ്തനാക്കി. ജില്ലാ ടീമില്‍ അശോകന്റെ സംഭാവനയായി ഉദിനൂരിന്റെ കുട്ടികള്‍ മുന്നിലുണ്ടായിരുന്നു.സൗജന്യമായി നീന്തല്‍, ടെന്നികൊയ്ത്ത്, തെയ്‌ക്കൊണ്ടോ പരിശീലനങ്ങളും സ്‌കൂളില്‍ സംഘടിപ്പിച്ചുവരുന്നുണ്ട്.
വരൂ കുട്ടികളെ നമുക്ക് കളിച്ചുല്ലസിക്കാം
ഉള്ളുണര്‍ത്തുന്ന കളികളുമായി കുട്ടികളെ ഉത്സവാന്തരീക്ഷത്തിലേക്ക് നയിക്കുന്ന അധ്യാപക സുഹൃത്തുക്കളാണ് ബാലന്‍ മാഷും, വിനയന്‍ മാഷും. കേരളത്തിലങ്ങോളമിങ്ങോളം ആയിരകണക്കിന് കുട്ടികള്‍ ഇവര്‍ക്ക് കൂട്ടുകാരായുണ്ട്. 10 വര്‍ഷമായി ക്യാംപുകളിലേക്ക് ഇവര്‍ ഒരുമിച്ചെത്തുന്നു. ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂള്‍ അധ്യാപകരായ ഇവര്‍ പിന്നിട്ട ക്യാംപുകളുടെ എണ്ണം 750 ന് മുകളില്‍ വരും. കളികളിലൂടെ വ്യക്തിത്വ വികാസം എന്നതാണ് രീതി.
കുട്ടികളെ പാട്ടും പാടി കയ്യിലെടുക്കും ഷൈജു മാഷ്
ഷൈജുമാഷ് പാട്ടുകള്‍ പാടി തുടങ്ങിയാല്‍ കുട്ടി ക്യാംപുകളില്‍ ആവേശക്കടലിരമ്പും. മണ്ണിന്റെ മണമുള്ള നിരവധി നാടന്‍പാട്ടുകള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. അവധി ദിവസങ്ങളിലാണ് കുട്ടി ക്യാംപുകളിലൂടെയുള്ള യാത്ര. വരികള്‍ പഠിപ്പിച്ച് കുട്ടികളെ കൊണ്ട് പാടിപ്പിക്കുകയും, അവര്‍ക്കൊപ്പം പാടുകയും ചെയ്യുന്നതാണ് രീതി. ഇംഗ്ലീഷ് പാട്ടുകളും കുട്ടിപ്പാട്ടുകളും, വിവിധതരം കളികളും അവതരിപ്പിച്ചു വരുന്നു. പടന്നക്കാടെ ഹോസ്ദുര്‍ഗ് ബി.ആര്‍.സി യില്‍ അധ്യാപകനായ ഷൈജു കായിക മേഖലയിലും സജീവമാണ്. വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന റഫറി, മികച്ച അനൌണ്‍സര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. ബിരിക്കുളം സ്വദേശിയാണ്.
ഗണിതം പാല്‍പായസമാക്കി കൃഷ്ണദാസ്
ഗണിതശാസ്ത്രത്തെ പാല്‍പ്പായസമാക്കി കുട്ടികളുടെ മുന്നിലെത്തിക്കുകയാണ് കൃഷ്ണദാസ് പലേരിയെന്ന അധ്യാപകന്‍. കണക്കിനെ എളുപ്പമാക്കാന്‍ പഠനോപകരണങ്ങള്‍ വികസിപ്പിച്ചെടുത്ത് കുട്ടികളിലെത്തുക്കുകയാണ് കൃഷ്ണദാസ് പലേരി. ഇതിനകം അഞ്ഞൂറിലേറെ സ്‌കൂളുകളില്‍ ഗണിത ശാസ്ത്ര ക്യാംപുകളുമായി അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു കഴിഞ്ഞു. അധ്യാപക സഹായി, ഗണിത ജാലകം തുടങ്ങിയവയുടെ രചനയില്‍ പങ്കെടുത്ത അദ്ദേഹം പേരാല്‍ ജി.ബി.എച്ച്.എസിലെ അധ്യാപകനായ കൃഷ്ണദാസ് തൃക്കരിപ്പൂര്‍ ഇളംമ്പച്ചി സ്വദേശിയാണ്.
നല്ല പഠിതാക്കള്‍
അധ്യാപക ദിനത്തില്‍ ചില നല്ല പഠിതാക്കളെയും മുന്നോട്ടു വെക്കുകയാണ് വടക്കന്‍ കാറ്റ്. പഠന വിഷയത്തിലുപരി സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കാകെയും മാതൃകയാക്കാവുന്ന പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയരായ വിദ്യാര്‍ഥികളെ കുറിച്ച്....
' മണികിലുങ്ങുന്ന ' ഉദിനൂര്‍ സ്‌കൂള്‍
1200 ലേറെ കുട്ടികള്‍ പഠിക്കുന്ന ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു ഏഷ്യയില്‍ ഏറ്റവും അധികം വിദ്യാര്‍ഥികള്‍ സൈക്കിളില്‍ എത്തുന്ന വിദ്യാലയമെന്ന പെരുമയുണ്ട്. സ്‌കൂളിന് തൊട്ടടുത്ത വീടുകളിലെ വിരലിലെണ്ണാവുന്നവര്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം സൈക്കിളിലാണെത്തുന്നത്. അധ്യാപകരാണ് ആദ്യം സൈക്കിള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. കാര്യമായ വാഹന സൗകര്യമില്ലാതിരുന്നതിനാല്‍ എട്ടാം ക്ലസില്‍ ചേരാന്‍ വരുന്ന കുട്ടികള്‍ക്ക് പുസ്തകത്തോടൊപ്പം ഒരു സൈക്കിളും വാങ്ങണമെന്ന നിര്‍ദേശം സ്‌കൂള്‍ അധികൃതര്‍ നല്‍കി തുടങ്ങി. സൈക്കിള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പി.ടി.എ കാരുണ്യ ഫണ്ട് അനുവദിച്ച് സൈക്കിള്‍ വാങ്ങി നല്‍കി. മണികിലുക്കത്തില്‍ ഉണരുന്ന ഉദിനൂരില്‍ ആയിരത്തിലധികം സൈക്കിളുകള്‍ കൂട്ടത്തോടെ എത്തുന്നത് ഗതാഗത പ്രശ്‌നമാകുന്നത് തടയാനും നിയന്ത്രിക്കാനും കുട്ടി പൊലിസുകാര്‍ തയാറായി നില്‍ക്കും. ഇവരാണ് രാവിലെയും വൈകീട്ടും ഉദിനൂരിന്റെ ഗതാഗത നിയന്ത്രണം. സെക്കിള്‍ യാത്രയില്‍ കുട്ടികള്‍ നേടുന്ന കായികക്ഷമത വിഷയമാക്കി കുട്ടികള്‍ തയാറാക്കിയ പഠന ഗവേഷണത്തിനും അംഗീകാരം ലഭിച്ചു. സ്‌കൂളില്‍ ചേര്‍ക്കാനാകുമ്പോഴെ ബൈക്കിനും മൊബൈല്‍ ഫോണിനും വാശിപിടിക്കുന്ന തലമുറക്കു മുന്നില്‍ പുതിയ പാഠം രചിക്കുകയാണ് ഉദിനൂര്‍ സ്‌കൂളിലെ സൈക്കിള്‍ പെരുമ.
മുടിക്കെട്ടഴിപ്പിച്ച അല്‍ഷ
മുടി രണ്ടായി പിരിച്ച് കെട്ടിയാലേ പെണ്‍കുട്ടികളെ ക്ലാസിലിരുത്താന്‍ പറ്റൂ എന്ന് ശഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂക്കു കയറിടുന്നതായി ചീമേനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പി.എസ് അല്‍ഷ പൊരുതി നേടിയ വിധി.
ഗുരുതരമായ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അല്‍ഷ കഴിഞ്ഞ വര്‍ഷം സ്‌കൂളധികൃതരെ സമീപിച്ചത്. എന്നാല്‍ പരാതി ഗൗരവത്തിലെടുക്കാതെ വന്നപ്പോള്‍ രക്ഷിതാക്കള്‍ പി.ടി.എയില്‍ ഉന്നയിച്ചെങ്കിലും വിഷയം പഠിക്കുന്നതിന് പകരം സ്‌കൂള്‍ അച്ചടക്കത്തിന്റെ ഭാഗമായുള്ള ഡ്രസ്‌കോഡായി ഇതിനെ ചിത്രീകരിക്കുകയായിരുന്നു. തന്റെ കൂട്ടുകാരുടെ കൂടി പ്രശ്‌നമാണെന്ന് മനസിലാക്കിയ സ്‌കൂള്‍ ലീഡര്‍ കൂടിയായ അല്‍ഷ ബാലാവകാശ കമ്മിഷനിലെത്തുകയായിരുന്നു. പരാതി ലഭിച്ച ഉടന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ സ്‌കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍
ബാലാവകാശ കമ്മിഷന്‍
നിര്‍ണായകമായ വിധി പുറപ്പെടുവിക്കുന്നത്. യൂനിഫോമിന്റെ ഭാഗമായി മുടി രണ്ടായി പിരിച്ച് കെട്ടാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന വിധി കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തു.
അല്‍ഷ കഴിഞ്ഞ വര്‍ഷം പഞ്ചാബില്‍ നടന്ന ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത് 'പ്രകൃതിയുടെ നിലനില്‍പിന് കാവുകളുടെ സംഭാവന' യെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇന്‍കള്‍കേറ്റ് സ്‌കോളര്‍ഷിപ്പും രാഷ്ട്രപതി പുരസ്‌കാരവും നേടിയിട്ടുണ്ട്. അചീമേനി ഹൈസ്‌കൂള്‍ മുന്‍ അധ്യാപകനും ഇപ്പോള്‍ മാലോം ഹൈസ്‌കൂളില്‍ പ്രധാനാധ്യാപകനുമായ കെ.ജി സനല്‍ഷയുടെയും ചീമേനി സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറായ പ്രിയയുടെയും മകളാണ് അല്‍ഷ. സല്‍ഷ ഏക സഹോദരിയാണ്.
----------------------
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."