അധ്യാപക വൃത്തിക്കിടയിലും പ്രിയം വിദ്യാര്‍ഥി ജീവിതത്തോട് ഏഴു ബിരുദാനന്തര ബിരുദങ്ങള്‍ സ്വന്തമാക്കി സത്യനാഥന്‍ മാസ്റ്റര്‍
ആയഞ്ചേരി: മൂന്നു പതിറ്റാണ്ടോടടുക്കുന്ന അധ്യാപക വൃത്തിക്കിടയിലും മണിയൂര്‍ തോട്ടത്തില്‍ ചങ്ങാരത്ത് സത്യനാഥന്‍ മാസ്റ്ററുടെ വിദ്യാര്‍ഥി ജീവിതം അവസാനിക്കുന്നില്ല. 1987ല്‍ താഴെ കളരി യു.പി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന സത്യനാഥന്‍ ഇപ്പോള്‍ പുതുപ്പണം ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ അറിവു പകര്‍ന്നു നല്‍കിയ മാസ്റ്റര്‍ അധ്യാപക ജീവിതത്തിനിടെ ഏഴു ബിരുദാനന്തര ബിരുദങ്ങളാണ് എഴുതിയെടുത്തത്. നിമയബിരുദവും (എല്‍.എല്‍.ബി) സ്വന്തമാക്കി.
തിരുവള്ളൂര്‍ ശാന്തി നികേതന്‍ ഹൈസ്‌കൂളില്‍ നിന്നു 1978ല്‍ ശരാശരിക്കാരനായി എസ്.എസ്.എല്‍.സി വിജയിച്ച സത്യനാഥന്‍ മാസ്റ്റര്‍ മടപ്പള്ളി ഗവ. കോളജില്‍ നിന്നാണ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയത്. തുടര്‍ന്ന് ബി.എഡ് പുര്‍ത്തിയാക്കിയ ശേഷം താഴെ കളരി യു.പി സ്‌കൂളില്‍ അധ്യാപകനും 1990ല്‍ കാസര്‍കോട് ടി.ടി.ഐയില്‍ ലക്ചറുമായി. ശേഷം കണ്ണൂര്‍ ഡയറ്റില്‍ ലക്ചറും കോഴിക്കോട് ജില്ലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപകനായും ജോലി ചെയ്തു.
ഇതിനിടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു എം.എ പൊളിറ്റിക്‌സും എം.എ ഹിസ്റ്ററിയും എം.എ സോഷ്യോളജിയും ഇംഗ്ലീഷ് പി.ജി ഡിപ്ലോമയും നേടിയെടുത്തു. കാലിക്കറ്റ് ലോ കോളജിലെ ഈവിനിങ് ബാച്ചില്‍ ചേര്‍ന്നാണ് എല്‍.എല്‍.ബി നേടിയത്. മധുര കാമരാജ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.എഡും നേടിയിട്ടുണ്ട്. ഇന്ദിരാ ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ അധ്യാപക ദിനത്തില്‍ സത്യനാഥന്‍ മാസ്റ്റര്‍ ജീവിതത്തില്‍ പുതിയ ഒരധ്യായം കൂടി തുന്നിച്ചേര്‍ത്ത സന്തോഷത്തിലാണ്.
സ്ഥാപന മേധാവിയെന്ന നിലയിലും സത്യനാഥന്‍ മാസ്റ്റര്‍ വേറിട്ടു നില്‍ക്കുന്നു. പ്രിന്‍സിപ്പല്‍ പദവിയിലിരിക്കുമ്പോഴും സ്‌കൂള്‍ തൂത്തുവാരാന്‍ ചൂലെടുക്കാനും മാസ്റ്റര്‍ക്ക് മടിയില്ല. 24 സ്റ്റാഫുകളുള്ള സ്‌കൂളില്‍ കൂട്ടായ്മയുടെ വലിയ ഒരു പാഠം പകര്‍ന്നു നല്‍കാനും മാഷിന് സാധിക്കുന്നുണ്ട്. പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ തന്റെ വിദ്യാലയത്തെ ജില്ലയിലെ തന്നെ മികച്ച സര്‍ക്കാര്‍ സ്‌കൂളാക്കി മാറ്റാന്‍ ഈയൊരു സമീപനത്തിലൂടെ ഇദ്ദേഹത്തിനു സാധിച്ചു. തന്റേതായ ഒരു ജീവിത ശൈലി രൂപപ്പെടുത്തിയ സത്യനാഥന്‍ മാസ്റ്റര്‍ മണിയൂരിലെ വീട്ടില്‍ നിന്നു സ്‌കൂളിലേക്ക് അഞ്ചു കിലോമീറ്റര്‍ നടന്നാണ് ദിവസവും പോകാറ്. സര്‍ട്ടിഫിക്കറ്റുകളും രേഖകളും മറ്റും അറ്റസ്റ്റ് ചെയ്യേണ്ടവര്‍ പലപ്പോഴും വഴിവക്കില്‍ മാസ്റ്ററെ കാത്തുനില്‍ക്കുന്നുണ്ടാകും. അവര്‍ക്കായി സീലും പാഡും പച്ച മഷിയുള്ള പേനയും മാഷ് ബാഗില്‍ കരുതാറുണ്ട്. പരന്ന വായനയിലൂടെ നേടിയെടുത്ത അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ പ്രഭാഷണങ്ങള്‍ നടത്തുന്ന സത്യനാഥന്‍ മാസ്റ്റര്‍ 3000ത്തോളം വേദികള്‍ ഇതിനകം പിന്നിട്ടുകഴിഞ്ഞു. പ്രസംഗം സൗജന്യമായി നടത്തണമെന്നാണ് മാസ്റ്ററുടെ രീതി. എന്നാല്‍ ചില സംഘാടകര്‍ പണം നല്‍കാറുണ്ട്. ഇത്തരക്കാരോട് പണം വേണ്ടെന്നു പറഞ്ഞ് തന്റെ പതിവ് ശൈലിയില്‍ മാഷ് ദേഷ്യപ്പെടാറുണ്ടെന്നാണ് യാഥാര്‍ഥ്യം.
പി.എസ്.സി കോച്ചിങ്ങിന് ക്ലാസെടുക്കുന്നതിന് ഒരു പ്രത്യേക ശൈലി തന്നെ മാഷിന്റെ പക്കലുണ്ട്. തന്റെ അധ്യാപക ജീവിതത്തില്‍ ഒരിക്കല്‍ പോലും ക്ലാസ് മുറിയില്‍ ഇരുന്നിട്ടില്ലെന്ന് സത്യനാഥന്‍ മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. അധ്യാപകന്‍ ക്ലാസില്‍ ഇരുന്ന് പഠിപ്പിച്ചാല്‍ ഇരുത്തംവന്ന കുട്ടികള്‍ ഇല്ലാതാകുമെന്നാണ് മാസ്റ്ററുടെ പക്ഷം. അതേസമയം വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഇരുന്നില്ലെങ്കില്‍ മാഷിന്റെ പിടിവീഴും. കാരണം ഓരോ കുട്ടിയുടെ പേരും സ്ഥലവും മാഷിന് കാണാപാഠമാണ്. ക്ലാസില്‍ പട്ടികയില്ലാതെയാണ് ഹാജര്‍ വിളിക്കുക. അവധിയെടുക്കുന്നതിനും സത്യനാഥന്‍ മാസ്റ്റര്‍ക്ക് പ്രത്യേക ശൈലിയുണ്ട്. അവധി വേണ്ടപ്പോള്‍ അതു വിദ്യാര്‍ഥികളോട് തലേന്ന് ചോദിക്കും. അധ്യാപകന്‍ അറിയേണ്ടാത്തിടത്ത് കുട്ടികളും കുട്ടികള്‍ അറിയേണ്ടാത്തിടത്ത് അധ്യാപകനും പോകേണ്ടതില്ലെന്നാണ് സത്യനാഥന്‍ മാസ്റ്ററുടെ പക്ഷം. ഭാര്യ രേണുക കൃഷി ഓഫിസറാണ്. സ്വാതിയും സൗരവുമാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."