അക്ഷര സ്‌നേഹികളുടെ സഹായം പ്രതീക്ഷിച്ച് ഒരു വായനശാല
തേഞ്ഞിപ്പലം: കടക്കാട്ടുപാറയില്‍ ഒരു തലമുറയ്ക്കു വായനാശീലം പകര്‍ന്നു നല്‍കിയ നവോദയ വായനശാലയുടെ പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ കാടുപിടിച്ചു കിടയ്ക്കുന്നു. 1980 കാലഘട്ടത്തില്‍ ഇ.കെ മുഹമ്മദാജിയുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിലായിരുന്നു വായനശാലയുടെ പ്രവര്‍ത്തനം.
പിന്നീട് സ്ഥലം കൈമാറിയതോടെ നിലവിലെ കെട്ടിടം ഉടമ പൊളിച്ചതോടെ ഒഴിയേണ്ടി വരുകയായിരുന്നു. പടച്ചാട്ടില്‍ ശ്രീധരന്‍, പരേതനായ എ.പി മൊയ്തീന്‍ തുടങ്ങിയവരായിരുന്നു വായനശാലയുടെ അമരക്കാര്‍. തുടര്‍ന്നു പരേതനായ കള്ളിയില്‍ അബൂബക്കര്‍ നേരത്തെ ലൈബ്രറിക്കായി ദാനം ചെയ്ത നാലു സെന്റ് ഭൂമിയിലായിരുന്നു പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തിക്കു തുടക്കം കുറിച്ചത്.
പലരുടെയും സഹായത്താല്‍ പടവും സ്ലാബ് നിര്‍മാണവും പൂര്‍ത്തീകരിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം നിര്‍മാണം പാതിവഴിയില്‍ നിലച്ചു. അടിക്കാടുകള്‍ കെട്ടിടത്തെ വലയം ചെയ്ത അവസ്ഥയിലാണിപ്പോള്‍ വായനശാലയുടെ കിടപ്പ്.
അക്ഷരസ്‌നേഹികളുടെ സഹായ ഹസ്തങ്ങള്‍ ഈ വായനശാലയ്ക്ക് ഒരു നവ ഉദയം തീര്‍ക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."