ആംബുലന്‍സ് നിഷേധിച്ചു: മകളുടെ മൃതദേഹവുമായി അമ്മ ആശുപത്രി മുറ്റത്ത് കഴിഞ്ഞത് ഒരു രാത്രി
മീററ്റ്: ഉത്തര്‍ പ്രദേശില്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയ്ക്ക് മകളുടെ മൃതദേഹവുമായി ആശുപത്രി വരാന്തയില്‍ ഇരിക്കേണ്ടി വന്നത് ഒരു രാത്രി. ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട മകളുടെ മൃതദേഹം വീട്ടിലെത്തിക്കാനായി ആംബുലന്‍സ് വിളിച്ച അമ്മയോട് ജില്ലയ്ക്ക് പുറത്തേക്ക് ആംബുലന്‍സ് ഓടിക്കാന്‍ കഴിയില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞത്.
ഉത്തര്‍പ്രദേശിലെ ബാഗ്പാട് ജില്ലയില്‍ ഇംറാന എന്ന യുവതിക്കാണ് ഇത്തരത്തിലൊരു ദുര്‍വിധി നേരിടേണ്ടി വന്നത്. തന്റെ രണ്ടു വയസുകാരിയായ മകളുടെ മൃതദേഹം 50 കിലോമീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമത്തിലെത്തിക്കാനായി ആംബുലന്‍സ് വിളിച്ചു. 1500 രൂപ കൈക്കൂലി നല്കുകയാണെങ്കില് മാത്രമേ മൃതദേഹം നാട്ടിലെത്തിക്കുകയുള്ളുവെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. പക്ഷേ അത്രയും പണം കൈയ്യിലുണ്ടായിരുന്നില്ലെന്നും ഇംറാന പറഞ്ഞു.
അന്ന് രാത്രി മുഴുവന്‍ മകളുടെ മൃതദേഹവും മടിയിലിരുത്തി ആശുപത്രി വരാന്തയില്‍ കഴിച്ചുകൂട്ടിയ ഇവരെ സംഭവമറിഞ്ഞെത്തിയ ചില ആളുകള്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പാടാക്കി ഗ്രാമത്തിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അച്ഛന്റെ തോളില്‍ കിടന്ന് മരിച്ച കുട്ടിയുടെ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ഇത്തരമൊരു സംഭവവും ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."