പദ്ധതി നിര്‍വഹണത്തിന് കൂടുതല്‍ സമയം അനുവദിക്കും: മന്ത്രി ജലീല്‍
കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തിന് ഇപ്പോഴത്തെ സ്ഥിതിയില്‍ മാറ്റംവരുത്തുന്ന രീതിയിലായിരിക്കും സംസ്ഥാന സര്‍ക്കാര്‍ രണ്ടാം ജനകീയാസൂത്രണ പരിപാടിക്കു രൂപം നല്‍കുകയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. ടി. ജലീല്‍ പറഞ്ഞു.
എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് കാക്കനാട് നിര്‍മിച്ച അത്യാധുനികമായ ശീതീകരിച്ച ബസ്‌കാത്തിരിപ്പു കേന്ദ്രത്തിന്റെയും നവീകരിച്ച കവാടത്തിന്റെയും എടിഎം കൗണ്ടറിന്റെയും ഉദ്ഘാടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി ആസൂത്രണത്തിന് ഒമ്പതു മാസവും നടത്തിപ്പിന് മൂന്നുമാസവും എന്ന സ്ഥിതിയാണുള്ളത്.
ഇത് വികസന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് തടസമാകുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടുതല്‍ ശാക്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി സൃഷ്ടിച്ചെടുക്കണം. അവരവരുടെ ഫണ്ടില്‍ നിന്ന് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയണം. ഇതിനൊപ്പം നികുതികളില്‍ കാലോചിതമായ പരിഷ്‌കാരവും വേണം. തൊഴില്‍ നികുതിയുടെ കാര്യത്തില്‍ ശമ്പളത്തോത് അടിസ്ഥാനമാക്കണം. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കോര്‍പറേഷന്‍, മുനിസിപ്പല്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയ്ക്ക് വ്യത്യസ്തമായ നികുതി സംവിധാനം ആവിഷ്‌കരിക്കണം. അധികാര വികേന്ദ്രീകരണം ശക്തമാക്കുന്നതിന് നടപടികള്‍ക്കായി ഒരു സമിതിക്കു സര്‍ക്കാര്‍ രൂപം നല്‍കും. ഒരു പൊതുസേവന മേഖലയാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഒന്നിച്ചുനിന്നാല്‍ നാട്ടില്‍ വന്‍വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."