പൊതുവിദ്യാലയങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ അധ്യാപകദിനത്തില്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ ആഹ്വാനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ക്കു നല്‍കുന്നതുപോലെയുള്ള സംഭാവനകള്‍ ഒരിക്കലെങ്കിലും സരസ്വതീക്ഷേത്രങ്ങളായ പൊതുവിദ്യാലയങ്ങള്‍ക്ക് നല്‍കിയാല്‍ വിദ്യാഭ്യാസമേഖലയില്‍ വന്‍ വികസനം കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ ദേശീയ അധ്യാപകദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൂര്‍വവിദ്യാര്‍ഥികള്‍ അവര്‍ പഠിച്ച വിദ്യാലയങ്ങളെ സഹായിച്ചാല്‍ സാമൂഹ്യപുരോഗതിക്ക് ഉതകുന്ന തരത്തില്‍ അവയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സാധിക്കും. മുഖ്യമന്ത്രി പറഞ്ഞു.
ഒരു പുല്‍ക്കൊടിപോലും നമ്മളെ എന്തെങ്കിലും പഠിപ്പിക്കുന്നെങ്കില്‍ ആ പുല്‍ക്കൊടിയും നമ്മുടെ ഗുരുവാണെന്നു പ്രതിപക്ഷ സംഘടനകള്‍ക്കുള്ള മറുപടിയായി അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഈ അധ്യയനവര്‍ഷം ആയിരം സ്‌കൂളുകളില്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഡോ.എ.സമ്പത്ത് എം.പി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ സ്‌പെഷല്‍ സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എം.എസ് ജയ, അസാപ് ഡയറക്ടര്‍ ഡോ.എം.ടി.രെജു, ആര്‍.എം.എസ്.എ ഡയറക്ടര്‍ ആര്‍.രാഹുല്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ.പി. നൗഫല്‍ സംബന്ധിച്ചു. ചടങ്ങില്‍ അധ്യാപക അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.
മയക്കുമരുന്നു മാഫിയക്കെതിരേ
ജാഗ്രത വേണം: മുഖ്യമന്ത്രി
മയക്കുമരുന്നു മാഫിയകളുടെ കരങ്ങള്‍ നമ്മുടെ വിദ്യാലയങ്ങള്‍ക്കടുത്തേക്ക് നീണ്ടുവരുന്നത് തടയാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
വിദ്യാലയത്തിന്റെ ചുറ്റുപാടിലേക്ക് വരേണ്ടാത്തവര്‍ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. അതിനു തടയിടാന്‍ അധ്യാപകര്‍ക്കും അധ്യാപക രക്ഷാകര്‍തൃസമിതികള്‍ക്കും കഴിയണം. വിദ്യാര്‍ഥി സംഘടനകള്‍ സജീവമായിരുന്ന കാലത്ത് അവര്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."