തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ കര്‍ണാടകയോട് സുപ്രിം കോടതി
ന്യൂഡല്‍ഹി: തമിഴ്‌നാടുമായി വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന കാവേരി നദീജലതര്‍ക്കത്തില്‍ കര്‍ണാടകയ്ക്കു സുപ്രിം കോടതിയില്‍ നിന്നു താല്‍ക്കാലിക തിരിച്ചടി. കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനല്‍കണമെന്ന് കര്‍ണാടകയോട് സുപ്രിം കോടതി ഉത്തരവിട്ടു.
ഇന്നു മുതല്‍ പത്തുദിവസത്തേക്ക് 15,000 കുസെക് (ഏകദേശം നാലേകാല്‍ ലക്ഷം ലിറ്റര്‍) വെള്ളം കൊടുക്കാനാണ് കോടതി നിര്‍ദേശം. വെള്ളം വിട്ടുനല്‍കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാരിനു നിര്‍ദേശം നല്‍കിയ ജസ്റ്റിസുമാരായ ദീപക് മിശ്രയും യു.യു ലളിതും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു. മതിയായ വെള്ളം തമിഴ്‌നാടിനു ലഭിച്ചില്ലെങ്കില്‍ അവിടത്തെ സാംബാ കൃഷി നശിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
മതിയായ വെള്ളം ലഭിച്ചില്ലെങ്കില്‍ തമിഴ്‌നാടിന്റെ കാര്‍ഷിക മേഖലയെത്തന്നെ അതു പ്രതികൂലമായി ബാധിക്കും. തമിഴ്‌നാടിനു നല്‍കേണ്ട വെള്ളത്തിന്റെ അളവ് നിശ്ചയിച്ച കാവേരി നദീജല തര്‍ക്ക കോടതിയുടെ മുന്‍ ഉത്തരവ് കര്‍ണാടയ്ക്ക് അവഗണിക്കാനാവില്ല. അതിനാല്‍ കര്‍ണാടക വെള്ളം വിട്ടുതരുന്നില്ലെങ്കില്‍ കാവേരി നദീ തര്‍ക്ക പരിഹാര കോടതിയെ മൂന്നുദിവസത്തിനുള്ളില്‍ തമിഴ്‌നാടിനു സമീപിക്കാവുന്നതാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിനു 419 ഉം കര്‍ണാടകയ്ക്ക് 270 ഉം കേരളത്തിന് 30ഉം പുതുച്ചേരിക്ക് ഏഴും ഘനയടി വെള്ളം പ്രതിവര്‍ഷം വിട്ടുനല്‍കണമെന്നാണ് കാവേരി നദീ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്. എന്നാല്‍ കൂടുതല്‍ ജലം വേണമെന്ന് തമിഴ്‌നാട് ഇന്നലെ ആവശ്യപ്പെട്ടെങ്കിലും അതു സുപ്രിംകോടതി പരിഗണിച്ചില്ല. നദീജല തര്‍ക്കപരിഹാര കോടതിയാണ് നിങ്ങള്‍ക്കു ലഭിക്കേണ്ട വെള്ളത്തിന്റെ അളവു നിശ്ചയിക്കുന്നതെന്നു കോടതി പ്രതികരിച്ചു. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ 40,000 ഏക്കര്‍ ഭൂമിയില്‍ കൃഷിക്കായി 50.52 ഘനയടി വെള്ളം വിട്ടുനല്‍കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ മഴ കുറഞ്ഞതിനാല്‍ കാവേരിയുടെ നാലുസംഭരണികളിലായി 80 ഘനയടി ജലത്തിന്റെ കുറവുള്ളതായും വെള്ളം തുറന്നുവിടാന്‍ സാധിക്കില്ലെന്നും കര്‍ണാടകയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ കോടതി അറിയിച്ചു. കേസ് ഈ മാസം 16നു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."