അര്‍ഹരായവര്‍ക്കു മുകളില്‍ ആശ്രിതര്‍; ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷ മങ്ങുന്നു
കണ്ണൂര്‍: അര്‍ഹരായവര്‍ക്കു മുകളില്‍ സര്‍ക്കാര്‍ സര്‍വിസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ ഇടംപിടിക്കുന്നതുകാരണം പി.എസ്.സി ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെ സാധ്യത മങ്ങുന്നു. സമാശ്വാസ തൊഴില്ദാനപദ്ധതിയെന്ന പേരില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഓരോവകുപ്പിലും നിയമനങ്ങള്‍ നടക്കുന്നത്.
2015- 2016 വര്‍ഷങ്ങളില്‍ നഗരകാര്യവകുപ്പിന്റെ കീഴില്‍വരുന്ന മുനിസിപ്പില്‍ കോമണ്‍ സര്‍വിസില്‍ നൂറിലധികം ആശ്രിത നിയമനങ്ങളാണ് നടന്നത്. പി.എസ്.സി പരീക്ഷയെഴുതി റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവരുടെ മുകളിലൂടെയാണ് ഈ നിയമനം. 22 വയസില്‍ ഇങ്ങനെ ജോലിക്ക് കയറുന്നവര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമിക്കുന്നവരെക്കാളും സീനിയറും താക്കോല്‍ സ്ഥാനത്തിരിക്കുന്നവരുമായി മാറും.
പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് റിഫോംസ് വകുപ്പ് 1999 മെയ് 24ന് ഇറക്കിയ ഉത്തരവില്‍ എല്‍.ഡി ക്ലര്‍ക്കിന്റെ തസ്തികയില്‍ അഞ്ചുശതമാനം മാത്രമെ ആശ്രിതനിയമനം പാടുള്ളൂവെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മുനിസിപ്പല്‍ കോമണ്‍ സര്‍വിസില്‍ നൂറുനിയമനങ്ങള് ഇങ്ങനെ നടത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ടായിരം നിയമനം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നടത്തണം. എന്നാല്‍ ഒരിടത്തും പി.എസ്.സി ലിസ്റ്റില്‍ നിന്നും ആനുപാതികമായി നിയമനങ്ങള്‍ നടന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാവകുപ്പുകളിലും ഇതു തന്നെയാണ് അവസ്ഥ.
നിയമനനിരോധനം നീക്കിയെന്നു സര്‍ക്കാര്‍ പറയുമ്പോഴും സംസ്ഥാനത്ത് പി.എസ്.സി ലിസ്റ്റുകള്‍ പലതും മരവിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് സമാശ്വാസ തൊഴില്‍ദാനപദ്ധതിയുടെ പേരിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."