സര്‍വകലാശാലകളിലെ കായിക വികസനത്തിന് ബൃഹത് പദ്ധതി ആവിഷ്കരിക്കും: ടി.പി ദാസന്
തേഞ്ഞിപ്പലം: രാജ്യാന്തര മത്സരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ കൊണ്ടുവരുന്നതിനുശ്രമം നടത്തുമെന്നും സര്‍വകലാശാലകളിലെ കായിക വികസനത്തിന് ബൃഹത് പദ്ധതി ആവിഷ്കരിക്കുമെന്നും കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, നിര്‍മാണം തുടരുന്ന നീന്തല്‍ക്കുളം എന്നിവ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാര്‍ക്ക് തലം പോലുള്ള മത്സരങ്ങള്‍ക്ക് വേദിയാകുമ്പോള്‍ അടിസ്ഥാന സൗകര്യ വികസനം സാധ്യമാവുമെന്നും ഇന്ത്യയില്‍ മറ്റെവിടെയുമില്ലാത്ത വിപുലമായ സൗകര്യങ്ങളാണ് കാലിക്കറ്റ് സര്വകലാശാലയ്ക്കുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊത്തം 500 കോടി രൂപ മുതല്‍ മുടക്കി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിക്കഴിഞ്ഞെന്നും ഇതേ മാതൃകയില്‍ സര്‍വകലാശാലകളിലെ കായിക പ്രവര്‍ത്തനങ്ങള്‍ ഉന്നത നിലവാരത്തിലെത്തിക്കുന്നതിനുള്ള ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ടി.പി ദാസന് കൂട്ടിച്ചേര്‍ത്തു.
യു.ജി.സിയുടെ പ്രത്യേക സ്പോര്‍ട്സ് ഗ്രാന്‍ഡിന്റെ സഹായത്തോടെ നിര്‍മാണം പുരോഗമിക്കുന്ന നീന്തല്‍ക്കുളത്തിന്റെ പ്രവൃത്തിയെക്കുറിച്ച് അദ്ദേഹം വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറുമായി വിശദമായി ചര്‍ച്ച ചെയ്തു. നീന്തല്‍ക്കുളത്തിന് 50 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുണ്ട്. ഏഴ് അടിയാണ് ആഴം. അനുബന്ധമായി ഫെസിലിറ്റേഷന്‍ സെന്ററും നിര്‍മിക്കും.
പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍, സിന്‍ഡിക്കേറ്റ് അംഗം ഒ അബ്ദുല്‍ അലി, പരീക്ഷാ കണ്ട്രോളര് ഡോ. വി.വി ജോര്‍ജ്ജുകുട്ടി, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.ടി സഹീര്‍ ബാബു, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.എസ് ആദര്‍ശ്, ആര്‍കിടെക്ട് റഷീദ്, കായിക പഠന വകുപ്പ് ഡയറക്ടര്‍ ഡോ. വി.പി സക്കീര്‍ ഹുസൈന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."