ലോകകപ്പ് യോഗ്യതാ പോരാട്ടം ജര്‍മനിക്കും ഇംഗ്ലണ്ടിനും വിജയത്തുടക്കം
ഒസ്‌ലോ: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനുള്ള യൂറോപ്യന്‍ മേഖലാ യോഗ്യതാ മത്സരങ്ങളില്‍ ലോക ചാംപ്യന്മാരായ ജര്‍മനിയും ഇംഗ്ലണ്ടും വിജയത്തുടക്കമിട്ടു. ഡെന്‍മാര്‍ക്ക്, സ്‌കോട്‌ലന്‍ഡ്, അസര്‍ബൈജാന്‍ ടീമുകളും വിജയത്തോടെ തുടങ്ങി. അതേസമയം കരുത്തരായ പോളണ്ടിനെ അസര്‍ബൈജാന്‍ സമനിലയില്‍ തളച്ചു. സ്ലോവാനിയ- ലിത്വാനിയ, ചെക്ക് റിപബ്ലിക്ക്- ഉത്തര അയര്‍ലന്‍ഡ്, റൊമാനിയ- മോണ്ടെനാഗ്രോ ടീമുകളും സമനിലയില്‍ പിരിഞ്ഞു.
മുള്ളറുടെ ഇരട്ട
ഗോളില്‍ ജര്‍മനി
യൂറോ കപ്പില്‍ അമ്പേ പരാജയപ്പെട്ട തോമസ് മുള്ളര്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ പോരാട്ടത്തില്‍ ജര്‍മനി മറുപടിയില്ലാത്ത മൂന്നു ഗോളിനു നോര്‍വെയെ വീഴ്ത്തി. 15, 60 മിനുട്ടുകളിലാണ് മുള്ളര്‍ വല കുലുക്കിയത്. ശേഷിച്ച ഗോള്‍ 45ാം മിനുട്ടില്‍ ജോഷ്വ കിമ്മിചും സ്വന്തമാക്കി. രണ്ടു ഗോള്‍ നേടിയ മുള്ളര്‍ കിമ്മിച് നേടിയ ഗോളിനു വഴിയൊരുക്കിയും കളിയില്‍ നിറഞ്ഞു.
യൂറോ സെമിയില്‍ പരാജയപ്പെട്ട ശേഷം തിരിച്ചുവരവിനു ശ്രമിക്കുന്ന ജര്‍മനി ഗ്രൂപ്പ് സിയില്‍ നോര്‍വെക്കെതിരേ ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്. നോര്‍വെയുടെ തട്ടകമായ ഓസ്‌ലോയിലെ ഉല്ലെവാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജര്‍മനിക്കായി പ്രമുഖരെല്ലാം കളത്തിലിറങ്ങി. ടോണി ക്രൂസ്, മെസുറ്റ് ഓസില്‍, സമി ഖെദിര, മാറ്റ് ഹമ്മല്‍സ് എന്നിവരിലൂടെ കളി ഏറിയ പങ്കും ജര്‍മനി കൈയടക്കി. ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റിഗര്‍ വിരമിച്ചതിനു പിന്നാലെ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ ഔദ്യോഗികമായി നായക സ്ഥാനമേറ്റ ശേഷമുള്ള ആദ്യ കളിയെന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു.
മരിയോ ഗോട്‌സയെ ഏക സ്‌ട്രൈക്കറാക്കിയും തൊട്ടു പിന്നില്‍ ഓസില്‍, മുള്ളര്‍, ഡ്രാസ്‌ലര്‍ ത്രയവും മധ്യനിരയില്‍ ക്രൂസ്, ഖെദിര സഖ്യവും അണിനിരന്നു. കിമ്മിച്, ഹമ്മല്‍സ്, ഹൊവീഡ്‌സ്, ഹെക്ടര്‍ പ്രതിരോധം കാത്തു. 4-5-1 ശൈലിയാണ് ഇരു പക്ഷവും കളത്തില്‍ പരീക്ഷിച്ചത്. നോര്‍വെ ഗോള്‍ കീപ്പര്‍ യാര്‍സ്റ്റെയ്‌ന്റെ മികച്ച സേവുകളാണ് അവരുടെ പരാജയ ഭാരം കുറച്ചത്. ഗോളെന്നുറച്ച അനവധി ഷോട്ടുകളാണ് താരം നിഷ്പ്രഭമാക്കിയത്. കളിയിലുടനീളം ജര്‍മനി പതിവു പോലെ കടുത്ത ആക്രമണവുമായി കളം നിറഞ്ഞപ്പോള്‍ കൗണ്ടര്‍ അറ്റാക്കുകളും നെടുനീളന്‍ പാസുകളുമായി മറുപടി പറയാനായിരുന്നു നോര്‍വെ ശ്രമിച്ചത്. ഇടയ്ക്ക് ജര്‍മനിയുടെ പ്രതിരോധം ആടിയുലഞ്ഞപ്പോഴും ലക്ഷ്യ ബോധമില്ലാത്ത ഷോട്ടുകള്‍ നോര്‍വെയ്ക്ക് തിരിച്ചടിയായി.
കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ജര്‍മനിക്ക് 15ാം മിനുട്ടില്‍ തന്നെ അതിന്റെ ഫലം കിട്ടി. ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടയിലാണ് മുള്ളര്‍ വല ചലിപ്പിച്ചത്. പന്തുമായി ബോക്‌സിലേക്ക് കയറിയ കിമ്മിചിന്റെ ഗോള്‍ ശ്രമം താരം വീണതിനെ തുടര്‍ന്നു പരാജയപ്പെട്ടെങ്കിലും പന്ത് ഓസിലിന്റെ പക്കലാണ് ലഭിച്ചത്. ബോക്‌സിലുണ്ടായിരുന്ന മുള്ളറിലേക്ക് ഓസില്‍ പന്ത് പാസ് ചെയ്യുന്ന സമയത്ത് നോര്‍വെ പ്രതിരോധ താരങ്ങള്‍ കാഴ്ചക്കാരായി. പന്ത് വിദഗ്ധമായി മുള്ളര്‍ ബോക്‌സിലേക്ക് തട്ടിയിടുമ്പോള്‍ ഗോള്‍കീപ്പര്‍ യാര്‍സ്റ്റെന്‍ അതു തടയാന്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ ഗ്ലൗവില്‍ തട്ടി പന്ത് വലയിലേക്ക്. പിന്നീടും ജര്‍മനിയുടെ നിരന്തര മുന്നേറ്റങ്ങള്‍. ആദ്യ പകുതി തീരാന്‍ നിമിഷങ്ങളുള്ളപ്പോള്‍ ജര്‍മനി ലീഡുയര്‍ത്തി. ഓസില്‍ കൈമാറിയ പന്തുമായി വലതു വശത്തിലൂടെ മുള്ളറുടെ കുതിപ്പ്. ബോക്‌സിനു സമീപത്തു നിന്നു മുള്ളറിനെ പിന്നിലാക്കി കിമ്മിച് മുന്നോട്ടു കയറി. ബോക്‌സിന്റെ വലതു മൂലയില്‍ നിന്നു കുറിയ പാസിലൂടെ മുള്ളര്‍ പന്ത് കിമ്മിചിനു കൈമാറി. കൃത്യം കാലിലെത്തിയ പന്തിനെ കിമ്മിച് മനോഹരമായി വലയിലേക്കിട്ടു.
രണ്ടാം പകുതിയിലും നോര്‍വെ ചിത്രത്തിലില്ലായിരുന്നു. 60ാം മിനുട്ടില്‍ ജര്‍മനി മൂന്നാം ഗോള്‍ നേടി. സമി ഖെദിര വലത് മൂലയില്‍ നിന്നു കൈമാറിയ ക്രോസ് ബോള്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ മുള്ളര്‍ ഗോളാക്കി മാറ്റുകയായിരുന്നു. അന്ത്യ നിമിഷങ്ങളിലും ജര്‍മനി ഗോളിനു സമീപമെത്തിയെങ്കിലും കൂടുതല്‍ ഗോള്‍ വഴങ്ങാതെ നോര്‍വെ കളി രക്ഷിച്ചെടുത്തു.
അവസാന നിമിഷത്തെ
ഗോളില്‍ ഇംഗ്ലണ്ട്
യൂറോ കപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ച സ്ലോവാക്യ സമാന പ്രകടനം പുറത്തെടുത്തപ്പോള്‍ യോഗ്യതാ പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിറച്ചു ജയിച്ചു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ആദം ലല്ലാന നേടിയ ഒറ്റ ഗോളിലാണ് ഇംഗ്ലണ്ട് വിജയവുമായി തടിയൂരിയത്. ഗ്രൂപ്പ് എഫില്‍ യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ച സ്ലൊവാക്യ അതേ പോരാട്ടവീര്യം പുറത്തെടുപ്പോള്‍ ഇംഗ്ലണ്ട് നന്നായി തന്നെ വിയര്‍ത്തു. രണ്ടാം പകുതി തുടങ്ങി 57ാം മിനുട്ടില്‍ സ്ലോവാക്യന്‍ താരം മാര്‍ട്ടിന്‍ സ്‌ക്രെറ്റല്‍ ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തായതോടെ പത്തു പേരായി ചുരുങ്ങിയ സ്ലോവാക്യ അവസാന സെക്കന്‍ഡു വരെ പൊരുതി നിന്നു. ഹാരി കെയ്‌നിനെ വീഴ്ത്തിയതിനാണ് സ്ലോവാക്യന്‍ താരം രണ്ടാം മഞ്ഞ കാര്‍ഡ് കണ്ടു പുറത്തായത്. മത്സരം 90 മിനുട്ടും കഴിഞ്ഞപ്പോഴും ഇരു ഭാഗത്തും ഗോള്‍ പിറന്നില്ല. അധികമായി ലഭിച്ച ആറു മിനുട്ടിന്റെ നാലാം മിനുട്ടിലാണ് ലല്ലാന വല ചലിപ്പിച്ചത്. ഇടതു വിങിലൂടെ പന്തുമായി കുതിച്ച് കയറിയ പ്രതിരോധ താരം ഡാന്നി റോസ് സ്ലോവാക്യന്‍ പ്രതിരോധത്തെ വെട്ടിച്ചു ബോക്‌സിലേക്ക് നല്‍കിയ പാസില്‍ നിന്നാണ് ലല്ലാനയുടെ ഗോളിലൂടെ ഇംഗ്ലണ്ടിനു ആശ്വാസമായി വിജയം പിറന്നത്. റോയ് ഹോഡ്‌സനു പകരമായി ഇംഗ്ലീഷ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ അല്ലാര്‍ഡെയ്‌സിനു വിജയത്തുടക്കമിടാനും ഇതോടെ സാധിച്ചു.
സി ഗ്രൂപ്പിലെ മറ്റു മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡും ചെക്ക് റിപ്പബ്ലിക്കും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. അസെര്‍ബൈജാന്‍- സാന്‍ മരിനോയെ 1-0നു തോല്‍പിച്ചു. ഗ്രൂപ്പ് ഇയില്‍ ഡെന്‍മാര്‍ക്ക് ഒരു ഗോളിനു അര്‍മേനിയയെ തോല്‍പ്പിച്ചു. ഇതേ ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ പോളണ്ടും കസാഖിസ്ഥാനും രണ്ടു ഗോള്‍ വീതം നേടിയും റൊമാനിയയും മോണ്ടിനെഗ്രോയും ഓരോ ഗോളുകള്‍ വീതം നേടിയും സമനിലയില്‍ പിരിഞ്ഞു. എഫ് ഗ്രൂപ്പില്‍ സ്‌കോട്‌ലന്‍ഡ് 5-1 മാല്‍ട്ടയെ തകര്‍ത്തു. ഇതേ ഗ്രൂപ്പില്‍ ലിത്വാനിയ- സ്ലോവേനിയ മത്സരം 2-2നു സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."