വിദ്യാര്‍ഥികളുടെ ആദരവ് ഏറ്റുവാങ്ങവേ മുന്‍ പ്രഥമാധ്യാപകന് കുഴഞ്ഞു വീണ് മരിച്ചു
കഠിനംകുളം: അധ്യാപക ദിനത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആദരവ് ഏറ്റ് വാങ്ങി പ്രസംഗിച്ച് കൊണ്ടിരിക്കേ ഇതേ സ്കൂളിലെ മുന്‍ പ്രധാനാധ്യാപകന് കുഴഞ്ഞു വീണ് മരിച്ചു. കഴക്കൂട്ടം ചന്തവിള കല്ല് വിള വീട്ടില്‍ പങ്കജാക്ഷന് നായര്‍ (73) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ കണിയാപുരം മുസ്ലിം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക ദിനത്തോട് അനുബന്ധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിക്കിടെയാണ് സംഭവം.
സ്കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ പ്രത്യേക അസംബ്ലിയില്‍ നടക്കുന്ന ഗുരുവന്ദനം പരിപാടിയില്‍ പങ്കെടുക്കുന്നതിന് നേരത്തെയുള്ള ക്ഷണം സ്വീകരിച്ച് പങ്കജാക്ഷന് നായരും ഇതേ സ്കൂളില്‍ അധ്യാപികയായി വിരമിച്ച ഭാര്യ ശാരദാമണിയും രാവിലെ തന്നെ എത്തിയിരുന്നു. 10 മണിക്ക് തുടങ്ങിയ പരിപാടിയില്‍ ആദ്യം പങ്കജാക്ഷന് നായരേയും ഭാര്യ ശാരദാ മണിയേയും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ആദരിച്ചു. ഇതിന് ശേഷം പങ്കജാക്ഷന് നായര്‍ വിദ്യാര്‍ഥികളോട് സംസാരിച്ച് കൊണ്ടിരിക്കേ പെട്ടെന്ന് സദസിന് മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. 33 വര്‍ഷം ഈ സ്കൂളില്‍ അധ്യാപകനായിരുന്ന പങ്കജാക്ഷന് നായര്‍ ഏഴ് വര്‍ഷം പ്രധാനാധ്യാപകനുമായിരുന്നു.1997 ല്‍ ആണ് സര്‍വിസില്‍ നിന്നും വിരമിച്ചത്.
പോത്തന്‍കോട് ലക്ഷ്മി വിലാസം ഹൈസ്കൂര്‍ അധ്യാപകന് രാജീവ്, മുന്‍ മന്ത്രി ജയലക്ഷ്മിയുടെ പ്രൈവറ്റ് സെക്രട്ടറിയും നിലവില്യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ രാജേഷ്. ചേങ്കോട്ട് കോണം ഗവ. എല്‍.പി.എസിലെ അധ്യാപിക രാധിക എന്നിവര്‍ മക്കളാണ്. ഫെഡറല്‍ ബാങ്ക് ജീവനക്കാരന് ഗിരീഷ് കുമാര്‍, പ്രതിഭ, അഖില എന്നിവര്‍ മരുമക്കളുമാണ്. മൃതദേഹം വൈകിട്ട് ഏഴ് മണിക്ക് വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."