ഡിജിറ്റല്‍ പാഠപുസ്തകം; വിവാദ ഫേസ്ബുക്ക് പോസ്റ്റ് വിദ്യാഭ്യാസ മന്ത്രി പിന്‍വലിച്ചു
മലപ്പുറം: ഡിജിറ്റല്‍ പാഠപുസ്തകത്തെ ചൊല്ലി വിദ്യാഭ്യാസമന്ത്രിയും ഐ.ടി അറ്റ് സ്‌കൂളും തമ്മിലുള്ള ഫേസ്ബുക്ക് തര്‍ക്കം അവസാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ്ബുക്ക് പദ്ധതി കൂടുതല്‍ സജീവമാക്കുമെന്ന തരത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ദിവസങ്ങള്‍ക്കു മുന്‍പ് ഇട്ട ഫേസ് ബുക്ക് പോസ്റ്റാണ് വിവാദത്തിന് തുടക്കം കുറിച്ചത്.
പുതിയ സാഹചര്യത്തില്‍ ഡി.സി.ടി പദ്ധതി പ്രായോഗികമല്ലെന്നും ഇതു തുടരില്ലെന്നും കാണിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശത്തിനെതിരേ ഐ.ടി അറ്റ് സ്്കൂള്‍ ഡയറക്ടര്‍ മുന്നോട്ടു വരികയായിരുന്നു.
വിദ്യാഭ്യാസമന്ത്രിയുടെ പരമാര്‍ശത്തിനെതിരേ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐ.ടി അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ പ്രതികരിച്ചത്. ഇക്കാര്യം ഇന്നലെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെയോടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. വിദ്യാഭ്യാസമന്ത്രി ഇന്നലെ ഫേസ്ബുക്കില്‍ പകരം കുറിച്ചത് ഇങ്ങനെ; ഡിജിറ്റല്‍ പുസ്തകം, ഇടെക്സ്റ്റ് ബുക്ക് തുടങ്ങിവയുടെ പ്രയോഗ സാധ്യതകളെക്കുറിച്ചു സര്‍ക്കാരിന് കൃത്യമായ ധാരണയുണ്ട് പ്രയോജനപ്രദമല്ലെന്നു തെളിഞ്ഞ മുന്‍കാല പദ്ധതികള്‍ തുടരാന്‍ വിദ്യാഭ്യാസ വകുപ്പിന് ഉദ്ദേശമില്ല.
വിപുലമായ ചര്‍ച്ചകള്‍ നടത്തി, നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് അക്കാദമിക് സമൂഹത്തിന്റെ പിന്തുണയോടെ ഐ ടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളെ ഹൈടെക് ആക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."