ആര്യാട് തെക്ക് വില്ലേജില്‍ എട്ടിന് 'സുനാമി'യെത്തും; മോക് ഡ്രില്ലിന് തയ്യാറെടുപ്പ് തുടങ്ങി
ആലപ്പുഴ: ജില്ലയിലെ ദുരന്തനിവാരണ സംവിധാനങ്ങളുടെ കാര്യക്ഷത ഉറപ്പാക്കാനും സുനാമി ദുരന്ത മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സെപ്റ്റംബര്‍ എട്ടിന് ആര്യാട് തെക്ക് വില്ലേജില്‍ സുനാമി മോക് ഡ്രില്‍ സംഘടിപ്പിക്കുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പു വരുന്നതു മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതുവരെയുള്ള ഘട്ടങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയും മറ്റു വകുപ്പുകളും സ്വീകരിക്കേണ്ട യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് മോക് ഡ്രില്ലില്‍ തല്‍സമയം ആവിഷ്‌കരിക്കപ്പെടുക. യുനെസ്‌കോ ഇന്റര്‍ ഗവര്‍മെന്റല്‍ സമുദ്രവിജ്ഞാന കമ്മിഷന്റെ(ഐ.ഒ.സി.) നിര്‍ദേശപ്രകാരം സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുക.
മോക് ഡ്രില്ലില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം സുനാമി ദുരന്തസമയത്ത് സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും എടുക്കും. രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെയാണ് മോക് ഡ്രില്‍ നടക്കുക. ആലപ്പുഴ നഗരസഭയിലെ സീവ്യൂ വാര്‍ഡിലെ യുണൈറ്റഡ് ക്ലബ് മുതല്‍ തുമ്പോളി പള്ളിവരെയുള്ള നാലര കിലോമീറ്റര്‍ പ്രദേശത്ത് കടല്‍ത്തീരത്തുനിന്ന് നൂറു മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന കുടുംബങ്ങളെ മോക് ഡ്രില്ലിന്റെ ഭാഗമായി ഒഴിപ്പിക്കും.
ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റും. ആയിരത്തോളം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. റിസോര്‍ട്ടുകളിലടക്കം താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കും. ആളുകളെ ഒഴിപ്പിക്കുമ്പോള്‍ വീടുകളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനമൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്ന് സാങ്കല്‍പ്പിക സുനാമി അറിയിപ്പ് ലഭിച്ചാലുടന്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാകും.
അപായ സന്ദേശം ലഭിച്ചാലുടന്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി അംഗങ്ങളെല്ലാം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ എത്തിച്ചേരും. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രശ്‌ന പരിഹാര സമിതി അടിയന്തിര യോഗം ചേര്‍ന്ന് എല്ലാ വകുപ്പുകള്‍ക്കും അറിയിപ്പ് നല്‍കും.
പൊലീസ്, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, അഗ്നിശമനവിഭാഗം, മെഡിക്കല്‍ സംഘം, റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍, കോസ്റ്റല്‍ പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, കോസ്റ്റ് ഗാര്‍ഡ്, നാവിക-വോമ-കരസേന, കെ.എസ്.ആര്‍.ടി.സി. തുടങ്ങി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരന്തസ്ഥലത്ത് എത്തും. തൊട്ടടുത്തുള്ള ആശുപത്രിയില്‍ ദുരന്തബാധിതര്‍ക്ക് ചികിത്സയ്ക്കാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
മോക് ഡ്രില്ലിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ വീണ എന്‍. മാധവന്‍ അധ്യക്ഷയായി. മോക് ഡ്രില്ലാണെന്നും യഥാര്‍ഥ സാഹചര്യമല്ലെന്നും ജനങ്ങളെ അറിയിക്കാന്‍ പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. നോട്ടീസ് വിതരണം ചെയ്തു. ബോധവത്കരണത്തിനായി സെപ്റ്റംബര്‍ ഏഴിന് പ്രദേശത്ത് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. ഇതിനായി അഞ്ചു സംഘങ്ങളെ നിയോഗിക്കും.
മോക് ഡ്രില്ലിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. യോഗത്തില്‍ എ.ഡി.എം എം.കെ. കബീര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് കൃഷ്ണകുമാരി, ജനപ്രതിനിധികള്‍, വിവിധ വകുപ്പുതല മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."