യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കി
കൊച്ചി: സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഒത്തുകളി അവസാനിപ്പിക്കണമെന്നും കുത്തനെ വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കണയന്നൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. എറണാകുളം ഡി സി സി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം താലൂക് ഓഫീസിനു സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് മുന്‍മന്ത്രി കെ.ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
സ്വാശ്രയ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്ന് കെ.ബാബു ആരോപിച്ചു. മാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്.
വിദ്യാര്‍ഥികളെ കൊള്ളയടിച്ച് ലാഭം നേടുന്ന മാനേജ്മെന്റുകളുടെ ഏജന്റുമാരായി സര്‍ക്കാര്‍ അധപതിച്ചു. ഏകാധിപത്യവും രാഷ്ട്രീയ പകപോക്കലുമാണ് ഇടത് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ബാബു ആരോപിച്ചു.
പ്രതിഷേധിച്ച പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഹൈബി ഈഡന് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. മുന്‍ മേയര്‍ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ദീപക് ജോയ്, അജിത് അമീര്‍ ബാവ, ജെബി മേത്തര്‍, ടി കെ സുനില്‍, പി ബി സുനീര്‍, മധു സംസാരിച്ചു. മാര്‍ച്ചിന് തമ്പി സുബ്രഹ്മണ്യം, മനോജ് മൂത്തേടന്, ജോണ്സണ് മാത്യു, പി എ സഗീര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."