ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ മാര്‍ച്ച് ഇന്ന്
കൊച്ചി: ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്ന് ഹൈക്കോടതി, ഉത്തരവിലൂടെ സംസ്ഥാന പൊലിസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് നടപ്പാക്കുന്നതില്‍ പൊലിസിന് നിഷ്ക്രിയത്വമാണുള്ളതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
എല്ലായിടത്തും പക്ഷപാതപരമായാണ് പൊലിസ് പെരുമാറുന്നത്. ലോക്കല്‍ ടാക്സി ഡ്രൈവര്‍മാരുടെ വ്യാജ പരാതിയില്‍ ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ കള്ളകേസില്‍ കുടുക്കാനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെയും പരമ്പരാഗത ടാക്സി ഡ്രൈവര്‍മാരുടെയും പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് കമ്മിഷനെ നിയോഗിക്കണം.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഓണ്‍ലൈന്‍ ഡ്രൈവര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായും നെടുമ്പാശേരി വിമാനത്താവളം, ഇടപ്പള്ളി, ആലുവ, എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അക്രമം ഏറെയെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ്, ഭാരവാഹികളായ കെ.കെ ബെന്നിമോന്, നവാസ് പൊന്നാനി, അനസ് മുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."