ദ്വീപ് തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കി ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി
നെടുമ്പാശ്ശേരി: ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി മാതൃകയാകുന്നു.
രണ്ട് വളണ്ടിയര്‍മാര്‍ അടക്കം ലക്ഷദ്വീപില്‍ നിന്നുള്ള 289 തീര്‍ഥാടകരാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വഴി ഇന്നലെ പുറപ്പെട്ട സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രയായത്. നെടുമ്പാശ്ശേരിയില്‍ നിന്നും യാത്ര പുറപ്പെടുന്നതിനായി ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് ഈ മാസം ഒന്നിന് തീര്‍ഥാടകര്‍ കൊച്ചിയില്‍ എത്തിയിരുന്നു.
എം.വി ലോറന്‍സ്, ലഗൂണ്‍സ്, അറേബ്യന്‍ സീ, ലക്ഷദ്വീപ് സീ എന്നീ നാല് കപ്പലുകളിലായാണ് തീര്‍ഥാടകര്‍ കൊച്ചിയില്‍ എത്തിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് കമ്മിറ്റികള്‍ തീര്‍ഥാടകര്‍ ഹജ്ജ് ക്യാംപില്‍ എത്തിയതിന് ശേഷമുള്ള കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. എന്നാല്‍ ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടകരുടെ കപ്പല്‍ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് മുതലുള്ള സേവനങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിര്‍വഹിക്കുന്നത്.
കൊച്ചിയില്‍ എത്തിയ ശേഷമുള്ള മൂന്ന് ദിവസത്തെ താമസത്തിനായി വിവിധ ലോഡ്ജുകളില്‍ മുറികള്‍ ബുക്ക് ചെയ്ത് ഹജ്ജ് കമ്മിറ്റിയുടെ ചിലവില്‍ തന്നെ താമസ സൗകര്യവും ഒരുക്കിയിരുന്നു. നിശ്ചിത എംബാര്‍ക്കേഷന്‍ പോയന്റില്‍ നിന്നും യാത്ര പുറപ്പെടുന്നതിനുള്ള ഏറ്റവും തൊട്ടടുത്ത ദിവസമുള്ള കപ്പലുകളിലാണ് ദ്വീപില്‍ നിന്നുള്ള തീര്‍ഥാടകര്‍ എത്തുന്നത്.
പലപ്പോഴും മൂന്ന് ദിവസം മുതല്‍ ആറ് ദിവസം വരെ യാത്രയ്ക്കായി കൊച്ചിയില്‍ തങ്ങേണ്ടി വരും.തീര്‍ഥാടകര്‍ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് നെടുമ്പാശ്ശേരിയില്‍ എത്തിയശേഷം ദ്വീപിലേക്കുള്ള യാത്രയ്ക്ക് മുന്‍പും ഏതാനും ദിവസം കൊച്ചിയില്‍ തങ്ങേണ്ടി വരും. ഇതിനും ഹജ്ജ് കമ്മിറ്റി തന്നെയാണ് സൗകര്യം ഒരുക്കുന്നത്.
മുന്‍പ് എംബാര്‍ക്കേഷന്‍ പോയന്റ് ചെന്നൈ ആയിരുന്നപ്പോള്‍ ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയന്റ് സംസ്ഥാനത്തേക്ക് മാറ്റിയതിനൊപ്പം ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കുള്ള എംബാര്‍ക്കേഷന്‍ പോയന്റും ഇവിടേയ്ക്ക് മാറ്റിയത് വലിയ ആശ്വാസമാകുകയായിരുന്നു. തീര്‍ഥാടകരോടൊപ്പം മക്കയിലേക്ക് യാത്രയാകുന്ന രണ്ട് രണ്ട് ഹജ്ജ് വളണ്ടിയര്‍മാരെ കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 16 വളണ്ടിയര്‍മാരും കപ്പലില്‍ യാത്ര തുടങ്ങുന്നതിന് മുന്‍പ് മുതല്‍ തീര്‍ഥാടകര്‍ക്ക് ക്യാംപില്‍ എത്തുന്നത് വരെയുള്ള സേവനങ്ങള്‍ക്കായി ഇവരോടൊപ്പം എത്തിയിട്ടുണ്ട്.
തീര്‍ഥാടകരുടെ ബാഗേജുകള്‍ അടക്കം ഇവരാണ് കൈകാര്യം ചെയ്യുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള എം.പി മുഹമ്മദ് ഫൈസല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കോയ ഫൈസി എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ഥാടകര്‍ ഹജ്ജ് ക്യാംപില്‍ എത്തിയത്.ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഇഖ്ബാല്‍,ചെറിയകോയ എന്നിവരും ഇവരോപ്പം ഉണ്ടായിരുന്നു.350 പേരാണ് ലക്ഷദ്വീപില്‍ നിന്നും വര്‍ഷം അപേക്ഷ നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."