ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഹജ്ജ് ക്യാംപ്
നെടുമ്പാശ്ശേരി;ജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ഹജ്ജ് ക്യാംപിനാണ് നെടുമ്പാശ്ശേരിയില്‍ സമാപനമായത്.സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ 15 ദിവസം നീണ്ടുനിന്ന ഹജ്ജ് ക്യാംപ് മതസൌഹാര്‍ദ്ദത്തിന്റെയും ഉത്തമ വേദിയായി മാറി.
ഭരണ രംഗത്തും വിവിധ രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ നിന്നും നിരവധി പ്രമുഖരടക്കം പതിനായിരങ്ങളാണ് ഹജ്ജ് ക്യാംപ് സന്ദര്‍ശിക്കാനെത്തിയത്. ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. തീര്‍ഥാടകരുമായി നെടുമ്പാശ്ശേരിയില്‍ നിന്നും സര്‍വ്വീസ് നടത്തിയ സഊദി എയര്‍ലൈന്‍സ് നേരത്തെ ചാര്‍ട്ട് ചെയ്തിരുന്ന ഷെഡ്യൂളില്‍ അപ്രതീക്ഷിതമായി ഇടയ്ക്ക് മാറ്റം വന്നെങ്കിലും സഊദി എയര്‍ലൈന്‍സിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും അവസരോചിതമായ ഇടപെടല്‍ മൂലം സുഗമമായി ഹജ്ജ് സര്‍വ്വീസുകള്‍ പൂര്‍ത്തിയാക്കാനായി. നിസ്വാര്‍ത്ഥമായ സേവനത്തിനെത്തിയ 360 ഓളം വളണ്ടിയര്‍മാര്‍ ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി.
ഓഗസ്റ്റ് 21 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഹജ്ജ് ക്യാംപിന്റെ ഔദ്യോഗികമായ ഉല്‍ഘാടനം നിര്‍വ്വഹിച്ചത്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.ടി.ജലീല്‍, എ.കെ.ശശീന്ദ്രന്‍,തിലോത്തമന്‍,കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍,യു.ഡി.എഫ് നിയമസഭാ കക്ഷി ഉപനേതാവ് മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍,കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എം.പിയുമായ ഇ.ടി.മുഹമ്മദ് ബഷീര്‍,കൊടിക്കുന്നില്‍ സുരേഷ് എം.പി, സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍,പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍,പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍,എം.എല്‍.എമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്,അന്‍വര്‍ സാദത്ത്,റോജി എം ജോണ്‍,എ.എ.റഹീം, വി.പി.സജീന്ദ്രന്‍,ആന്റണി ജോണ്‍,പി.ടി.തോമസ്,പി.സി.ജോര്‍ജ്,എല്‍ദോ എബ്രഹാം,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ്, തുടങ്ങി നിരവധി പ്രമുഖര്‍ ഹജ്ജ് ക്യാംപ് സന്ദര്‍ശിക്കാനെത്തി. സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്യാന്‍ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ എത്തിയത് ക്യാംപിന് ആവേശം പകര്‍ന്നു.
ഹജ്ജ് ക്യാംപിന്റെ അവസാന ദിവസമായ ഇന്നലെ തീര്‍ഥാടകരെ യാത്രയയക്കാനും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനുമായി നൂറുകണക്കിന് ആളുകളാണ് ക്യാംപിലേക്ക് ഒഴുകിയെത്തിയത്.ഞായറാഴ്ച്ച മഗ് രിബ് നമസ്‌ക്കാരത്തിനു ശേഷം നടന്ന സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.ക്യാംപ് പ്രവര്‍ത്തനമാരംഭിച്ച ശേഷം ഏറ്റവും വലിയ ജനത്തിരക്കായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലും.
തീര്‍ഥാടകരെയും ബന്ധുക്കളെയും കൂടാതെ തീര്‍ഥാടകരോടോപ്പമുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി സമീപ പ്രദേശങ്ങളില്‍ നിന്നും നിരവധി പേര്‍ ക്യാംപിലേക്കെത്തിയതാണ് ഹജ്ജ് ക്യാംപ് പ്രവര്‍ത്തിച്ച എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കര്‍ നിറഞ്ഞു കവിയാന്‍ ഇടയാക്കിയത്. സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും,ക്യാംപിലേക്കെത്തിയവര്‍ക്ക് സൌകര്യമൊരുക്കാനും വളണ്ടിയര്‍മാരും ഏറെ ബുദ്ധിമുട്ടി.തികഞ്ഞ ആത്മ സംതൃപ്തിയോടെയാണ് വളണ്ടിയര്‍മാരും സന്ദര്‍ശകരും ക്യാംപില്‍ നിന്നും യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."