സീരിയല്‍ പൊലിസിനെ കണ്ട് കടത്തിക്കൊണ്ടുവന്ന കുട്ടിയെ ഉപേക്ഷിച്ച് യുവാവ് മുങ്ങി
വെഞ്ഞാറമൂട്: ലിഫ്റ്റ് ചോദിച്ച കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് വന്ന് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് സീരിയല്‍ പൊലിസിനെ കണ്ട് യഥാര്‍ഥ പൊലിസാണെന്നു കരുതി കുട്ടിയെ ഉപേക്ഷിച്ച് കടന്നു.
കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. കൂട്ടുകാരന്റെ വീട്ടില്‍ പോയ ശേഷം പോത്തന്‍കോട് വെഞ്ഞാറമൂട് റോഡിലൂടെ നടന്ന് വന്ന പതിനൊന്നുകാരന് ശാന്തിഗിരിക്ക് സമീപത്തുവെച്ച് അതുവഴി വന്ന ബൈക്ക് യാത്രികനോട് ലിഫ്റ്റ് ചോദിച്ചു. ബൈക്ക് നിറുത്തി കുട്ടിയെ കയറ്റിയ യുവാവ് കോലിയക്കോട് ഭാഗത്തേക്ക് വന്നെങ്കിലും ബൈക്ക് നിര്‍ത്താതെ ഇട റോഡ് വഴി പിരപ്പന്‍കോട് ഭാഗത്തേക്ക് പോയി. കുട്ടി തനിക്ക് ഇറങ്ങണമെന്ന് പറഞ്ഞെങ്കിലും അയാള്‍ നിര്‍ത്തിയില്ല. പിരപ്പന്‍കോട് കുളത്തില്‍ പോയി കുളിക്കാമെന്നും അതിന് ശേഷം വീട്ടിലാക്കാമെന്നും ഇയാള്‍ കുട്ടിയോട് പറഞ്ഞു. പിരപ്പന്‍കോട് കുളത്തിന് സമീപം എത്തിയതോടെ ബൈക്ക് നിര്‍ത്തിയ ഇയാള്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചു.
വീട്ടില്‍ പോകണമെന്നു പറഞ്ഞു കരഞ്ഞ കുട്ടിയെ ഇയാള്‍ ഇരുമ്പ് കഷണം കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ഇതിനിടയില്‍ അല്പം അകലെ പൊലിസ് ജീപ്പും ഒന്നുരണ്ടു പൊലിസുകാരെയും പൊലിസ് സ്റ്റേഷനെന്ന ബോര്‍ഡും കണ്ട കുട്ടി നിലവിളിച്ചു കൊണ്ട് അങ്ങോട്ടേക്കോടി. ഇതോടെ ബൈക്ക് യാത്രികന് മുങ്ങി.
സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന 'സംഗതി കോണ്ട്ര'എന്ന കോമഡി സീരിയലിലെ കഥാപത്രങ്ങളായ പൊലിസ് വേഷധാരികളെ കണ്ടാണ് കുട്ടി പൊലിസാണെന്ന് തെറ്റിദ്ധരിച്ചത്.
തുടര്‍ന്ന് സീരിയല്‍ പൊലിസ് വെഞ്ഞാറമൂട്ടിലെ ഒറിജിനല്‍ പൊലിസിനെ വിവരമറിയിച്ചു. വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിച്ച കുട്ടിയെ രക്ഷിതാവിനെ വിളിച്ച് വരുത്തി ഒപ്പമയച്ചു. കേസ് പോത്തന്‍കോട് സ്റ്റേഷനിലേക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."