താനൂരില്‍ ഓണം-പെരുന്നാള്‍ മഹോത്സവം ഏഴിന് തുടങ്ങും
തിരൂര്‍: 'എന്റെ താനൂര്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ടൂറിസം കൗണ്‍സിലിന്റെ സഹകരണത്തോടെ താനൂരില്‍ ' സ്‌നേഹപൂര്‍വം' എന്ന പേരില്‍ ഓണം- പെരുന്നാള്‍ മഹോത്സവം സംഘടിപ്പിക്കുന്നു. ഏഴു മുതല്‍ 15 വരെ നീളുന്ന വിവിധ പരിപാടികളോടെയാണ് ആഘോഷം. ഏഴിന് ഹെല്‍മറ്റ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പൊന്മുണ്ടത്തു നിന്നാരംഭിച്ച് പുത്തന്‍തെരുവില്‍ സമാപിക്കുന്ന ബൈക്ക് റാലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക.
അന്‍പതോളം സ്റ്റാളുകളുമായി പുത്തന്‍തെരുവില്‍ 'ഓണക്കലവറ' എന്ന പേരില്‍ പ്രദര്‍ശനവും വിപണനമേളയും നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി കാര്‍ഷികമേള, മെഹന്തിഫെസ്റ്റ്, ഫുട്‌ബോള്‍, ഷൂട്ടൗട്ട് മത്സരം, പൂക്കള മത്സരം, കമ്പവലി, നീന്തല്‍ മത്സരം, ഞാറ് നടീല്‍, ഓണപ്പന്ത്, ജലോത്സവം, പൂവട്ടി എന്നിവ സംഘടിപ്പിക്കും. 13, 14 തിയതികളില്‍ താനൂര്‍ ഒട്ടുംപുറത്ത് പട്ടം പറത്തല്‍ മേളയുമുണ്ടാകും.
സമാപനദിവസമായ 15ന് മുഖ്യവേദിയില്‍ മണ്ഡലത്തിലെ 65 വയസിന് മുകളില്‍ പ്രായമുള്ള 3,000 അമ്മമാരെ ആദരിക്കും. സ്പീക്കര്‍, മന്ത്രിമാര്‍, എം.പി, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുക്കുമെന്ന് താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ വി അബ്ദുല്‍റസാഖ്, സുഹ്‌റ റസാഖ്, നിറമരുതൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പ്രേമ, മുജീബ് താനാളൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."